Join News @ Iritty Whats App Group

നെയ്യാറ്റിന്‍കര സമാധി: മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തിലാക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്




നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്റെ മൃതദേഹത്തിന്റെ രാസ പരിശോധനാ ഫലം വേഗത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആരംഭിച്ച് പൊലീസ്. പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഗോപന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികതകളോ ഇല്ലെന്ന് തെളിഞ്ഞിരുന്നു.

എന്നാല്‍ രാസ പരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുളളൂ. അതിനാല്‍ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറി അധികൃതര്‍ക്ക് പൊലീസ് കത്ത് നല്‍കും. മരണത്തിലെ ദുരൂഹത നീങ്ങാന്‍ മൂന്ന് പരിശോധന ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ശ്വാസകോശത്തില്‍ എന്തെങ്കിലും കടന്നിട്ടുണ്ടോ എന്നറിയാനുള്ള രാസ പരിശോധന ഫലം, ഫോറന്‍സിക് സയന്‍സ് ലാബ് ടെസ്റ്റ് ഫലം, ആന്തരിക അവയവങ്ങള്‍ക്ക് മുറിവോ മറ്റോ ഉണ്ടോ എന്നറിയാന്‍ ഫിസ്റ്റോ പത്തോളജിക്കല്‍ ഫലം എന്നിവയാണ് ഇനി ലഭിക്കേണ്ടത്. അതേസമയം, ജനുവരി 16ന് ആയിരുന്നു കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്റെ മൃതദേഹം പുറത്തെടുത്തത്.
ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന്റെ മരണം ചര്‍ച്ചയായത്.

പുറത്തെടുത്ത ഗോപന്റെ മൃതശരീരം സംസ്‌കരിച്ചിരുന്നു. പൊളിച്ച സമാധി തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ചടങ്ങില്‍ സന്യാസിമാരുള്‍പ്പടെ പങ്കെടുത്തു. സമാധിത്തറ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് ഗോപന്റെ മകന്‍ സനന്ദന്‍ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group