തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പോലീസ്. വീട്ടില്‍ കയറുകള്‍ കുരുക്കിയ നിലയില്‍ കണ്ടെത്തിയത് ആത്മഹത്യാ ശ്രമത്തിന്റെ സൂചനയെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ വീട്ടുകാരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പോലീസ് കൂട്ട ആത്മഹത്യ നീക്കത്തിന്റെ സാധ്യത തളളിയിരിക്കുന്നത്.
പോലീസ് മരണത്തിന് പിന്നിലെ മറ്റ് കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിന്റെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛന്‍ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായിരുന്നു. ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പെണ്‍കുട്ടിയുടെ അമ്മാവന്റെ മുറിയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മണ്ണെണ്ണ കണ്ടെത്തിയിരുന്നു.
നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. തൻ്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും കുട്ടിയുടെ അമ്മ പോലീസിനെ അറിയിച്ചതായാണ് വിവരം. കുടുംബത്തിന്റെ മൊഴികളിലും വൈരുദ്ധ്യമുണ്ട് എന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കാണാതായത്. പിന്നീട് കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തിയത്. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ഉറങ്ങിക്കിടന്ന കുട്ടിയെ രാവിലെ മുതൽ കാണാനില്ലെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
Post a Comment