കണ്ണൂർ: വളക്കൈ സ്‌കൂൾ അപകടത്തിൽ ബസിന് യന്ത്ര തകരാർ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ടിലുള്ളത്. വാഹനത്തിന്റെ ബ്രേക്കിന് തകരാറുണ്ടെന്ന ഡ്രൈവറുടെ വാദം എംവിഡി തള്ളുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് എംവിഡി പറയുന്നത്.
അശാസ്ത്രീയമായി നിർമ്മിച്ച റോഡ് അപകടത്തിന്റെ ആക്കം കൂട്ടിയെന്നാണ് എംവിഡി പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിന് പിന്നാലെ ബസിന്റെ ബ്രേക്കിന് തകരാർ സംഭവിച്ചതായി ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർ നിസാമുദ്ദീൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു തകരാറും ബസിന് ഉണ്ടായിരുന്നില്ലെന്നാണ് എംവിഡിയുടെ പരിശോധനയിൽ നിന്ന് വ്യക്തമായത്. ഇതോടെ നിസാമുദ്ദീന്റെ വാദം പൊളിയുകയാണ്.
അതേസമയം, അപകടസമയത്ത് ഡ്രൈവർ നിസാമുദ്ദീൻ മൊബൈൽ ഫോൺ ഉപയോഗിച്ചതായുള്ള സംശയമാണ് ഇപ്പോൾ ഉയരുന്നത്. ബസ് മറിഞ്ഞപ്പോൾ തന്നെ നിസാമുദ്ദീന്റെ വാട്‌സ് ആപ്പിൽ സ്‌റ്റാറ്റസ് അപ്‍ലോയിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യത്തിലെ സമയമായ 4.03ന് ഇയാൾ സ്‌റ്റാറ്റസ് ഇട്ടതായി തെളിവുകള്‍ പുറത്തുവന്നിരുന്നു.
എന്നാൽ ഈ ആരോപണം നിസാമുദ്ദീൻ നിഷേധിച്ചു. വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീന്‍ നൽകുന്ന വിശദീകരണം. ആരോപണ വിധേയമായ വാട്‌സ്ആപ്പ് സ്‌റ്റാറ്റസ് നേരത്തെ തന്നെ ഇട്ടതാണ്. എന്നാൽ അത് അപ്‍ലോഡാകാന്‍ സമയമെടുത്തതാകാമെന്നും ഡ്രൈവർ നിസാമുദ്ദീന്‍ പറഞ്ഞു.
നിലവിൽ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് നിസാമുദ്ദീൻ. അപകടകാരണം യന്ത്ര തകരാർ അല്ലെന്ന് കണ്ടെത്തിയതോടെ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിസാമുദ്ദീന്റെ അശ്രദ്ധയാണ് കുട്ടിയുടെ ജീവനെടുത്ത അപകടത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
വളക്കൈ അപകടത്തില്‍ മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്‌കൂളില്‍ പൊതുദര്‍ശനം നടക്കും. ബസ് അപകടത്തില്‍ പരിക്കേറ്റ പതിനെട്ട് കുട്ടികളില്‍ ഭൂരിഭാഗം പേരും ആശുപത്രി വിട്ടിട്ടുണ്ട്.
ബുധനാഴ്‌ച വൈകീട്ട് നാലിനായിരുന്നു സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കുറുമാത്തൂർ ചിന്മയ വിദ്യാലയയിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി നേദ്യ മരിച്ചത്. അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കിരാത്ത് ഭാഗത്തുനിന്ന് വന്ന ബസ് വളക്കൈ സംസ്ഥാന പാതയിലേക്കുള്ള കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇതിനിടെ ബസിൽ നിന്ന് തെറിച്ചുവീണ നേദ്യ ബസിനടിയിൽ പെടുകയായിരുന്നു.
അതിനിടെ വളക്കൈ അപകടത്തിന് പിന്നാലെ ചോദ്യമുന സർക്കാരിലേക്ക് കൂടി നീങ്ങുകയാണ്. ഫിറ്റ്നസ് അവസാനിച്ച സ്‌കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഫിറ്റ്നസ് നീട്ടി നൽകിയത്.
Post a Comment