Join News @ Iritty Whats App Group

'അൻവറിന്‍റെ തറവാട്ടുസ്വത്തല്ല തൃണമൂൽ കോൺഗ്രസ്'; പിവി അൻവറിനെതിരെ പൊട്ടിത്തെറിച്ച് ടിഎംസി സംസ്ഥാന പ്രസിഡന്‍റ്


കൊച്ചി:തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അൻവറിനെതിരെ തുറന്നടിച്ച് ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അൻവറിന്‍റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണി തുറന്നടിച്ചു. പിവി അൻവറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് സംസ്ഥാന വിഭാഗം രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ അൻവര്‍ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയാണെന്നും ഏകപക്ഷീയമായി ഇഷ്ടക്കാരെ വെച്ച് യോഗങ്ങള്‍ വിളിക്കുകയാണെന്നും സി ജി ഉണ്ണി പറഞ്ഞു.

ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. അൻവറിന് നൽകിയ കണ്‍വീനര്‍ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി.

മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോള്‍ അത് മുസ്ലിം വികാരം ഉണര്‍ത്താൻ വേണ്ടിയാണ് അൻവറിന്‍റെ ശ്രമം. മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവര്‍ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂല്‍ കോണ്‍ഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. 
അൻവറിന്‍റെ ഇത്തരം കഥകള്‍ ടിഎംസിയിൽ നടക്കില്ല. എംഎൽഎ സ്ഥാനം രാജിവെച്ചപ്പോള്‍ നൽകിയ താത്കാലിക പോസ്റ്റ് മാത്രമാണ് കണ്‍വീനര്‍ സ്ഥാനമെന്നും ടിഎംസി അൻവറിന്‍റെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവര്‍ മനസിലാക്കണമെന്നും സി ജി ഉണ്ണി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group