തിരുവനന്തപുരം: കോടതി വിധിയിൽ വളരെയധികം സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയെന്നായിരുന്നു നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മയുടെ പ്രതികരണം.
മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മക്ക് തൂക്കുകയറെന്ന വിധിപ്രഖ്യാപനത്തെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാരോണിന്റെ കുടുംബം സ്വീകരിച്ചത്. കോടതിക്കും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും ഷാരോൺ രാജിന്റെ അമ്മ നന്ദി അറിയിച്ചു. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളിയാണ് നീതിമാനായ ജഡ്ജിലൂടെ ഇറങ്ങി വന്നത്. ഞങ്ങൾ പ്രതീക്ഷിച്ച, ഏറ്റവും വലിയ ശിക്ഷയാണ് ലഭിച്ചത്. കരച്ചിലിനിടയിലൂടെ ആയിരുന്നു ഷാരോണിന്റെ അമ്മയുടെ പ്രതികരണം.
പ്രതീക്ഷിച്ച വിധിയെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൺ പറഞ്ഞു. പ്രതീക്ഷിച്ച വിധി തന്നെയാണിത്. അതിന്റെയൊരു സമാധാനമുണ്ട്. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയെന്നും ഷിമോൺ പറഞ്ഞു. കഷായം കഴിച്ചെന്ന ഷാരോണിന്റെ വെളിപ്പെടുത്തലിൽ ഷിമോണിന് തോന്നിയ സംശയമാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. പിന്നീടാണ് അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും അന്വേഷണം ഊർജിതമാകുകയും ചെയ്തത്. വിധിയിൽ പൂർണമായും സംതൃപ്തനാണെന്നും ഷാരോണിന്റെ കുടുംബത്തിന് നീതി ലഭിച്ചെന്നും അഭിഭാഷകൻ പ്രതികരിച്ചു.
കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡീഷണ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചത്. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മലകുമാറിന് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്.
Post a Comment