തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാനുള്ള പോലീസ് നീക്കത്തിനിടെ ഉണ്ടായത് നാടകീയ സംഭവവികാസങ്ങള്‍. ഇതേത്തുടര്‍ന്ന് നടപടി താത്കാലികമായി നിര്‍ത്തി. ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് സബ് കലക്ടര്‍ അറിയിച്ചു. സമാധിസ്ഥലം പൊളിക്കുന്നതിനെതിരേ കുടുബവും ഒരുവിഭാഗം നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചു.
ഗോപന്‍ സ്വാമിയുടെ കുടുംബത്തിന്റെ ഭാഗംകൂടി കേള്‍ക്കുമെന്ന് സബ് കലക്ടര്‍ പറഞ്ഞു. അതേസമയം, കേസ് കോടതിയില്‍ നേരിടുമെന്ന് ഗോപന്‍സ്വാമിയുടെ കുടുംബം പറഞ്ഞു. ഗോപന്‍ സ്വാമിയുടെ സമാധിസ്ഥലം എന്ന പേരില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് അറ തുറക്കാനും പരിശോധന നടത്താനും കലക്ടര്‍ പോലീസിന് അനുമതി നല്‍കിയിരുന്നു. കല്ലറ തുറക്കാനായി പോലീസ് എത്തിയതിനെത്തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. ഗോപന്‍ സ്വാമിയുടെ ഭാര്യയും മക്കളും മരുമകളും കല്ലറയ്ക്കു മുന്നില്‍ പ്രതിഷേധിച്ചു.
'ഓം നമശിവായ' എന്ന പ്രാര്‍ഥനയോടെയാണ് ഗോപന്‍ സ്വാമിയുടെ കല്ലറയ്ക്ക് മുന്നില്‍ കിടന്ന് ഭാര്യ പ്രതിഷേധിച്ചത്. മക്കളും ഇതിനൊപ്പം ചേര്‍ന്നു. പിതാവ് സമാധിയിരിക്കുന്ന സ്ഥലമാണ്. വിശുദ്ധമായ സ്ഥലമാണിത്. സമാധിയെക്കുറിച്ച് പഠിച്ചിട്ടു വേണം സംസാരിക്കാന്‍. പോലീസിന്റെ നടപടി ഏകപക്ഷീയമാണ്. തങ്ങളുടെ മരണത്തിനു ശേഷമേ കല്ലറ പൊളിക്കാന്‍ കഴിയൂവെന്നും മകന്‍ പറഞ്ഞു. തീ കൊളുത്തി മരിക്കുമെന്ന ഭീഷണിയും ഇവര്‍ ഉയര്‍ത്തി. ഇവര്‍ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി, വി.എസ്.ഡി.പി. തുടങ്ങിയ സംഘടനകളും സ്ഥലത്തെത്തി. ഒടുവില്‍ കുടുംബാംഗങ്ങളെ ബലംപ്രയോഗിച്ചാണ് പോലീസ് സംഘം സമാധിപീഠത്തിന് സമീപത്തുനിന്ന് മാറ്റിയത്.
വീട്ടുകാരുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഹൈന്ദവ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഹിന്ദു സംഘടനകള്‍ ആരോപിച്ചു. കല്ലറ പൊളിക്കുന്നത് ശരിയല്ലെന്നും പോലീസിന്റെ നീക്കത്തിനെതിരേ കോടതിയെ അടക്കം സമീപിക്കുമെന്നും സംഘടനകള്‍ പറഞ്ഞു.
ഇവരുടെ സ്ഥലം വഴിക്ക് വിട്ടുകൊടുക്കുന്നതിന് നേരത്തേ വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതാണ് നാട്ടുകാരുടെ പരാതിക്ക് പിന്നിലെന്നും കുടുംബത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. പോലീസിന്റെ വാദം മാത്രമല്ല, വീട്ടുകാരുടെ നിലപാട് കൂടി കേള്‍ക്കാന്‍ സബ് കലക്ടര്‍ ബാധ്യസ്ഥനാണെന്ന് ഇവര്‍ വ്യക്തമാക്കി. പോലീസ് ബലംപ്രയോഗിച്ച് വീട്ടുകാരെ സ്ഥലത്തു നിന്നും മാറ്റി. പ്രതിഷേധക്കാരെയും സ്ഥലത്തു നിന്നും മാറ്റി. അതിനിടെ നടപടികള്‍ എല്ലാം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു.
Post a Comment