കണ്ണൂർ: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒൻപത് വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. പാനൂര്‍ ചേലക്കാട് പള്ളിക്ക് സമീപം മത്തത്ത് വീട്ടില്‍ ഉസ്‌മാന്റെ മകന്‍ മുഹമ്മദ് ഫസലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തൂവക്കുന്ന് ഗവ.എല്‍പി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഫസൽ.
ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്. വീടിനടുത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്നു ഫസൽ. ഇതിനിടെയാണ് ഇവിടേക്ക് തെരുവ് നായ കടന്നുവന്നത്. പെട്ടെന്ന് നായയെ കണ്ട് കുട്ടികള്‍ പല വഴിക്ക് ചിതറിയോടുകയായിരുന്നു. ഇതിനിടെയാണ് രക്ഷപ്പെടാനായി ഓടിയ ഫസൽ അടുത്ത പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു.
എന്നാൽ കുട്ടി വീട്ടിൽ എത്തിയിട്ടുണ്ടാകും എന്ന് കരുതിയ കൂട്ടുകാർ ഇവിടെ നിന്ന് മടങ്ങുകയായിരുന്നു. കൂട്ടുകാർക്ക് ഒപ്പമാണെന്ന് ബന്ധുക്കളും കരുതി. ഇതാണ് തിരച്ചിൽ വൈകാൻ കാരണമായത്. തുടർന്ന് ഏഴ് മണിയായിട്ടും ഫസൽ വീട്ടിൽ തിരിച്ചെത്താത്തതോടെയാണ് വീട്ടുകാർ പരിഭ്രാന്തരായത്. ഇതിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും കുട്ടിക്കായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഈ തിരച്ചിലിനൊടുവിലാണ് തൊട്ടടുത്ത് വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഫയഫോഴ്‌സിനെ വിളിച്ചുവരുത്തിയിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൂടാനിരുന്ന കിണർ ആയതിനാൽ ഇതിന് സുരക്ഷാവേലി ഉണ്ടായിരുന്നില്ല.
നായയെ കണ്ട വെപ്രാളത്തിൽ ഓടിയ കുട്ടി അറിയാതെ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് നിഗമനം. കിണർ പുറമേ നിന്ന് കാണാൻ കഴിയാത്ത നിലയിൽ കാടുമൂടിയ രീതിയിലായിരുന്നു. ഇവിടെ നിർമ്മാണം നടക്കുന്നൊരു വീടും പിന്നിലുണ്ടായിരുന്നു. ഇവിടേക്ക് ഓടിക്കകയറാൻ ശ്രമിക്കുന്നതിനിടെയാവാം കുട്ടി കിണറ്റിൽ വീണതെന്നാണ് കരുതുന്നത്.
Post a Comment