ബെംഗളൂരു: കർണാടകയിലെ ബീദറിൽ വൻ എടിഎം കൊള്ള. സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയാണ് കവർച്ച നടത്തിയത്. ബീദറിലെ എസ്ബിഐ ശാഖക്ക് മുന്നിലെ എടിഎമ്മിലാണ് കവർച്ച നടന്നത്. ബീദറിലെ ജില്ല ഹെഡ് ക്വാർട്ടേഴ്സിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് വൻ കൊള്ള നടന്നിരിക്കുന്നത്. ബാങ്കിന്റെ തൊട്ടടുത്ത് തന്നെയുള്ള എടിഎമ്മാണിത്. ബാങ്കിന്റെ ബ്രാഞ്ചിൽ നിന്ന് 93 ലക്ഷം രൂപ എടിഎമ്മിലേക്ക് നിറക്കാൻ കൊണ്ടുവന്നിരുന്നു. ആ സമയത്താണ് ബൈക്കിലെത്തിയ രണ്ട് അക്രമികൾ എടിഎമ്മിന് നേരെ ആക്രമണം നടത്തിയത്. സെക്യൂരിറ്റി ഗാർഡിനെ വെടിവെച്ച് കൊലപ്പെടുത്തിയാണ് കവർച്ച നടത്തിയത്.
ബീദർ സ്വദേശിയായ ഗിരി വെങ്കിടേഷാണ് കൊല്ലപ്പെട്ടത്. അക്രമികൾ എട്ട് റൗണ്ട് നിറയൊഴിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബ്രാഞ്ചിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു അതിക്രമം. രാവിലെ 11.30യോടെയാണ് സംഭവം. അതിക്രമം തടയാനെത്തിയ മറ്റൊരു സെക്യൂരിറ്റിക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എടിഎമ്മിൽ നിറക്കാനെത്തിയ പണം പെട്ടിയോടെയാണ് അക്രമികൾ തട്ടിയെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം നടത്തുമെന്നും അക്രമികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ബീദർ പൊലീസ് വ്യക്തമാക്കി.
Post a Comment