ടെൽ അവീവ്: ഇസ്രയേലി സൈനിക മേധാവി സ്ഥാനം രാജിവയ്ക്കുകയാണെന്ന് ഹെർസി ഹാലവി. 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഹാലവിയ്ക്ക് പകരം ആരെന്ന് തീരുമാനമായിട്ടില്ല.
മാർച്ചിൽ താൻ ചുമതല ഒഴിയുമെന്നാണ് ഹാലവി പ്രതിരോധമന്ത്രി ഇസ്രായേൽ കാർട്സിനെ രേഖാമൂലം അറിയിച്ചത്. സൈന്യത്തിന്‍റെ ദക്ഷിണ കമാൻഡ് മേധാവി യാരോണ്‍ ഫിൻകെഷമാനും രാജി പ്രഖ്യാപിച്ചു. ഹമാസ് ആക്രമണത്തിന് ശേഷം യുദ്ധം 15 മാസം പിന്നിട്ട് വെടിനിർത്തിൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് രാജി. വെടിനിർത്തലിന്‍റെ ആദ്യ ഘട്ടം പൂർത്തിയാകുമ്പോൾ സ്ഥാനമൊഴിയാനാണ് ഹാലവിയുടെ തീരുമാനം.
ഒക്ടോബർ 7 ന് ഹമാസ് നടത്തിയ ആക്രമണത്തോടെ തുടങ്ങിയ സംഘർഷം മധ്യപൂർവേഷ്യയെ ആകെ അസ്ഥിരമാക്കിയിരുന്നു. അന്ന് കൊല്ലപ്പെട്ടത് 1200ലധികം ഇസ്രായേലികളാണ്. 250ലേറെപ്പേർ ബന്ദികളാക്കപ്പെട്ടു. വൈകാതെ ഇസ്രയേൽ പ്രത്യാക്രമണം തുടങ്ങി. ലക്ഷ്യം ഹമാസിന്‍റെ ഒളിത്താവളങ്ങളാണെന്നാണ് പറഞ്ഞതെങ്കിലും കൊല്ലപ്പെട്ടവരിലധികവും സാധാരണക്കാരാണ്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയടക്കം ആക്രമിക്കപ്പെട്ടു. 46000ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. ഒടുവിൽ ജനുവരി 15ന്, 15 മാസങ്ങൾക്കിപ്പുറം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി. ഇരു വിഭാഗവും കരാർ പ്രകാരം ബന്ദികളെ മോചിപ്പിക്കുകയാണ്.
Post a Comment