പ്രയാഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയിൽ അടുത്തമാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും. ഫെബ്രുവരി 5 ന് അദ്ദേഹം പ്രയാഗ് രാജില്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമെന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനുവരി 27 ന് വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ ഫെബ്രുവരി 1 നും കുംഭമേളയില്‍ പങ്കെടുക്കാനായി എത്തുന്നുണ്ട്.
പ്രയാഗ് രാജില്‍ എത്തുന്ന അമിത് ഷാ ത്രിവേണി സംഗമത്തില്‍ സ്നാനം നടത്തും. ഗംഗാപൂജയും നടത്തുന്ന അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ പ്രസിഡൻ്റ് ദ്രൗപതി മുർമു ഫെബ്രുവരി 10 ന് പ്രയാഗ്‌രാജില്‍ എത്തിയേക്കുമെന്ന സൂചനയുമുണ്ട്. പ്രമുഖ വ്യക്തികളുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കി. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലും ചടങ്ങ് നടക്കുന്ന ഇടങ്ങളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി തുടങ്ങി.
ജനുവരി 13ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 നാണ് അവസാനിക്കുക. സർക്കാരിന്റെ കണക്കനുസരിച്ച് 2025 ലെ മഹാകുംഭമേളയിൽ 15 ലക്ഷം വിദേശ വിനോദസഞ്ചാരികളടക്കം 45 കോടിയിലധികം ഭക്തർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019-ലെ കുംഭമേളയിൽ 25 കോടി പേരാണ് പങ്കെടുത്തത്. വൈവിധ്യമാർന്ന സംസ്കാരങ്ങളിലെയും പാരമ്പര്യങ്ങളിലെയും ഭക്തരെ ഒരുമിച്ചുചേര്‍ക്കുന്ന, ഐക്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ഒരു വേദിയായി മേള പ്രോത്സാഹിപ്പിക്കപ്പെടുന്നു.
ആളുകള്‍ ഒത്തുകൂടുന്നതില്‍ ആഗോള തലത്തിലെ മറ്റ് പ്രധാന പരിപാടികളെ മഹാകുംഭമേള മറികടക്കുമെന്ന് വിദേശ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടെ ഉത്തർപ്രദേശില്‍ നിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. റിയോ കാർണിവലിൽ 70 ലക്ഷം പേരും ഹജ്ജിൽ 25 ലക്ഷം പേരും ഒക്ടോബർമേളയില്‍ 72 ലക്ഷം പേരുമാണ് പങ്കെടുക്കുന്നതെങ്കിലും 2025-ലെ മഹാകുംഭമേളയില്‍ 45 കോടിയോളം പേരാണ് പങ്കെടുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലുകളിലൊന്നായ മഹാകുംഭമേളയുടെ വ്യാപ്തിയും ആഗോള പ്രാധാന്യവും ഇതിലൂടെ വ്യക്തമാകുന്നുവെന്നും അവർ ചൂണ്ടിക്കാണ്ടി.
സമ്പദ്‌വ്യവസ്ഥയ്ക്ക് 2 ലക്ഷം കോടി രൂപ വരെ സംഭാവന നൽകുന്നതിലൂടെ 2025-ലെ മഹാാകുംഭമേള രാജ്യത്തിന് ഗണ്യമായ സാമ്പത്തിക ഉത്തേജനം നൽകും. ഇതിലൂടെ ഉത്തർപ്രദേശിന്റെ ആഭ്യന്തര ഉത്പാദന വളർച്ച (GDP) ഒരു ശതമാനത്തിലധികം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വ്യാപാരത്തില്‍ 17,310 കോടി രൂപയും ഹോട്ടൽ, യാത്രാ മേഖലകളില്‍ 2,800 കോടി രൂപയുമാണ് കണക്കാക്കുന്നത്. പൂജാവസ്തുക്കളും പൂക്കളും യഥാക്രമം 2,000 കോടി രൂപയുടെയും 800 കോടി രൂപയുടെയും വരുമാനം നേടുമെന്നും കണക്കാക്കപ്പെടുന്നു.
സുഗമവും സുരക്ഷിതവുമായ മേള ഉറപ്പാക്കാൻ പ്രയാഗ്‌രാജിൽ വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. 14 പുതിയ മേല്‍പ്പാലങ്ങളും 9 സ്ഥിരം തീര്‍ത്ഥഘട്ടങ്ങളും 7 പുതിയ ബസ് സ്റ്റേഷനുകളും 12 കിലോമീറ്റർ താൽക്കാലിക തീര്‍ത്ഥഘട്ടങ്ങളുമാണ് പ്രധാന വികസന പദ്ധതികള്‍. 37,000 പോലീസുകാരെയും 14,000 ഹോം ഗാർഡുകളെയും, 2750 നിര്‍മിതബുദ്ധി അധിഷ്ഠിത നിരീക്ഷണ ക്യാമറകളും വിന്യസിച്ചുകൊണ്ട് സുരക്ഷാ നടപടികൾ ശക്തമാക്കി.
Post a Comment