ബംഗളുരു: ബംഗളുരു വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് യുവതി. 450 രൂപ തന്നാൽ തന്നെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ടാക്സി ഡ്രൈവർ ഒടുവിൽ 3000 രൂപ കൈക്കലാക്കി. എന്നാൽ പറഞ്ഞ സ്ഥലത്ത് എത്തിച്ചതുമില്ല. അർദ്ധരാത്രിയോടെ മറ്റൊരു ഓൺലൈൻ ടാക്സി വിളിച്ചാണ് ഒടുവിൽ വീട്ടിലെത്തിയതെന്ന് റെഡിറ്റിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.
രാത്രി 10.30നാണ് ബംഗളുരുവിൽ വിമാനമിറങ്ങിയത്. താമസിക്കുന്ന പി.ജിയിലേക്ക് ബസിൽ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഓൺലൈൻ ടാക്സി ബുക്ക് ചെയ്യാമെന്ന് കരുതി. പുറത്തിറങ്ങി അൽപം മുന്നിലേക്ക് നടന്നപ്പോൾ തന്നെ ഒരാൾ അടുത്തേക്ക് വന്ന് 450 രൂപ നൽകിയാൽ പോകേണ്ട സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞു. ആദ്യം സംശയം തോന്നിയെങ്കിലും, തനിക്ക് ഒരു സുഹൃത്തിനെ വേഗം അവിടെ എത്തിക്കേണ്ടതുണ്ടെന്നും അതു കഴിഞ്ഞ് കെ.ആർ പുരത്തെ വീട്ടിലേക്ക് പോകുമെന്നും ഇയാൾ പറഞ്ഞു. കെ.ആർ പുരത്തിന് അടുത്തായിരുന്നു യുവതിയുടെയും താമസ സ്ഥലം. ഉറപ്പിന് വേണ്ടി ഇയാൾ തന്റെ സ്ഥിരം യാത്രകളുടെ തെളിവ് കാണിക്കുന്ന മാപ്പും കാണിച്ചു കൊടുത്തു. ഇത് താൻ സ്ഥിരമായി ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുത്തായിരുന്നു ശ്രമം.
യുവതി ആദ്യം താത്പര്യം കാണിച്ചില്ല. ഇതോടെ നിർബന്ധിക്കാൻ തുടങ്ങി. ബസ് ചാർജ് തന്നെ 350 രൂപയോളം വരുമെന്നതിനാൽ കാറിൽ പോകാൻ 450 രൂപ പറഞ്ഞതിൽ അൽപം സംശയം തോന്നിയെങ്കിലും പിന്നീട് യുവതി സമ്മതിച്ചു. ഇതോടെ ഒരാൾ കാറുമായി എത്തി. രണ്ട് പേരും വാഹനത്തിൽ കയറി. യുവതിയോട് സംസാരിച്ചയാൾ മുന്നിലെ സീറ്റിലും യുവതി പിന്നിലും ഇരുന്നു. അൽപദൂരം പോയപ്പോൾ ആദ്യം 200 രൂപ ടോൾ ചാർജ് കൊടുക്കാൻ ആവശ്യപ്പെട്ടു.
വിജനമായ വഴിയിലൂടെ യാത്ര തുടങ്ങിയപ്പോൾ ഭയം തോന്നിത്തുടങ്ങിയെന്ന് യുവതി പറഞ്ഞു. എന്നാൽ രണ്ട് പേരും സൗഹാർദപൂർവം സംസാരിച്ചു. ഹിന്ദിയിലായി പിന്നീട് സംസാരം. എവിടെ നിന്ന് വരുന്നെന്നും എന്താണ് ജോലിയെന്നുമൊക്കെയുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് കാറിൽ ഉറക്കെ പാട്ടുവെയ്ക്കാനും പരസ്പരം വഴക്കുണ്ടാക്കാനും റോഡിലെ മറ്റുള്ളവരെ തെറിപറയാനും തുടങ്ങി. ഒരു സ്ഥലത്ത് എത്തിയപ്പോൾ സിഗിരറ്റ് വാങ്ങാനും ചായ കുടിക്കാനും ഇറങ്ങി. യുവതിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചെങ്കിലും നിരസിച്ചു. പിന്നീട് ഒരു പെട്രോൾ പമ്പിൽ നിർത്തി. 300 രൂപ അവിടെ കൊടുക്കാൻ യുവതിയോട് നിർദേശിച്ചു. ഭയന്നുപോയ യുവതി പണം നൽകി. എന്നാലും വീട്ടിൽ എത്തിക്കുമല്ലോയെന്ന ആശ്വാസത്തിലായിരുന്നു.
എന്നാൽ പിന്നീട് ഇരുവരും കാറിലിരുന്ന് സിഗിരറ്റ് വലിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. വിജനമായ ഒരു സ്ഥലത്ത് കാർ നിർത്തി മറ്റൊരാളെ കൂടി കയറ്റി. തന്റെ സുഹൃത്താണെന്നായിരുന്നു പരിചയപ്പെടുത്തിയത്. അൽപ ദൂരം മൂന്നോട്ട് പോയ ശേഷം ഒരു ഒടിപി ഫോണിൽ വരുമെന്നും അത് പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഒരു ക്യാബ് ആപ്പിന്റെ ഒടിപി ആണെന്നാണ് പറഞ്ഞത്. ഭയന്നുപോയ യുവതി ഒടിപി കൊടുത്തപ്പോൾ 3000 രൂപയുടെ ബിൽ കാണിച്ചു. 450 രൂപയല്ലേ പറഞ്ഞത് എന്ന് ചോദിച്ചതോടെ ഉച്ചത്തിൽ സംസാരിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി.
പിന്നീട് മൂവരിൽ ഒരാൾ യുവതിയുടെ ഫോൺ പിടിച്ചുവാങ്ങി, ആദ്യം വിമാനത്താവളത്തിൽ വെച്ച് ലൊക്കേഷൻ അയച്ചുകൊടുത്ത തന്റെ ഫോൺ നമ്പർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ശേഷം പണം വാങ്ങി ഒരിടത്ത് ഇറക്കി വിടുകയായിരുന്നു. പിന്നീട് മറ്റൊയു യൂബർ കാർ വിളിച്ചാണ് യുവതി വീട്ടിലെത്തിയത്. വീട്ടിൽ നിന്ന് 15 കിലോമീറ്ററോളം അകലെയായിരുന്നു തന്നെ ഇറക്കി വിട്ടതെന്ന് യുവതി കുറിപ്പിൽ പറയുന്നു. രണ്ടാമത് എത്തിയ കാർ ഡ്രൈവർ മാന്യനായിരുന്നതിനാൽ പരിക്കൊന്നും കൂടാതെ സുരക്ഷിതമായി വീട്ടിലെത്തി എന്നും യുവതി കൂട്ടിച്ചേർത്തു.
Post a Comment