Join News @ Iritty Whats App Group

3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും


കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡും (മില്‍മ) കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡും (കേരള ബാങ്ക്) തമ്മില്‍ ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി ധാരണാപത്രം ഒപ്പുവച്ചു.

തിരുവനന്തപുരത്ത് കേരള ബാങ്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ബാങ്ക് പ്രസിഡന്‍റ് ഗോപി കോട്ടമുറിക്കല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കേരള ബാങ്ക് സിഇഒ ജോര്‍ട്ടി എം. ചാക്കോ എന്നിവര്‍ ധാരണാപത്രം കൈമാറി. കേരള ബാങ്കിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് ലളിതമായ വ്യവസ്ഥയില്‍ 3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന ക്ഷീരമിത്ര വായ്പാ പദ്ധതി നടപ്പാക്കുക, മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഫ്രാഞ്ചൈസി ഉടമകള്‍ക്ക് സ്റ്റോക്ക്/വിറ്റുവരവ് അടിസ്ഥാനത്തില്‍ ഒരു ലക്ഷം രൂപ വരെയുള്ള ക്യാഷ് ക്രെഡിറ്റ് വായ്പാ പദ്ധതിയായ മില്‍മ ഫ്രാഞ്ചൈസി വായ്പാ പദ്ധതി നടപ്പാക്കുക എന്നിവയില്‍ ഇരു സ്ഥാപനങ്ങളും ചേര്‍ന്നു പ്രവര്‍ത്തിക്കും. മൂന്നു വര്‍ഷത്തേക്കാണ് ധാരണാപത്രത്തിന്‍റെ കാലാവധി.

ക്ഷീര കര്‍ഷകര്‍ക്കായുള്ള നിരവധി ക്ഷേമ പദ്ധതികളിലൂടെ ഓരോ വര്‍ഷവും പാല്‍ ഉത്പാദനത്തിലും വിപണനത്തിലും മുന്നേറ്റമുണ്ടാക്കാന്‍ മില്‍മയ്ക്ക് സാധിക്കുന്നുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രധാന സ്ഥാപനമായ കേരള ബാങ്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് കൂടുതല്‍ വിപുലപ്പെടുത്താനാകും. ഉപഭോക്താക്കളുടെ തൃപ്തിയും കര്‍ഷകരുടെ ഉന്നമനവും മില്‍മ ഒരുപോലെ ലക്ഷ്യം വയ്ക്കുന്നു. ക്ഷീര കര്‍ഷകര്‍ക്ക് തൊഴിലും ഉപജീവനവും നല്‍കി ക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ അവരോടൊപ്പം നിലകൊള്ളുകയും സംസ്ഥാനത്തെ ക്ഷീരമേഖലയെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് മില്‍മ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group