Join News @ Iritty Whats App Group

തമിഴ്നാട്ടിൽ പിടികിട്ടാപ്പുള്ളികൾ, കേരളത്തിൽ 30 വർഷം മുമ്പ് വരെ കേസുകൾ; പിടിയിലായ കുറുവ സംഘാംഗങ്ങളെ കൈമാറി




ആലപ്പുഴ: മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായ കുറുവ സംഘാംഗങ്ങൾക്ക് കേരളത്തിൽ 30 വ‌ർഷം മുമ്പ് മുതൽ കേസുകൾ. ഇരുവരും നിരവധി തവണ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിടിയിലായ കറുപ്പയ്യയെയും നാഗരാജുവിനെയും തമിഴ്നാട് പൊലീസിന് കൈമാറി.

നാഗയ്യ എന്ന നാഗരാജ് 1995ൽ കോട്ടയം മേലുകാവിൽ വീട്ടിൽ കവർച്ച നടത്തി പൊലീസിന്‍റെ പിടിയിലായിരുന്നു. പിന്നീട് 2010 ൽ കായംകുളത്ത് വീടിന്‍റെ അടുക്കള വാതിൽ കുത്തിതുറന്ന് സ്വർണാഭരണങ്ങൾ കവ‍ർന്നതിന് കറുപ്പയ്യയും കൂട്ടരും പിടിയിലായിരുന്നു. രണ്ട് വർഷമാണ് അന്ന് കറുപ്പയ്യ തടവ് ശിക്ഷ അനുഭവിച്ചത്.

2013 ൽ പുന്നപ്രയിൽ സമാന രീതിയിൽ മോഷണം നടത്തിയതിന് നാഗരാജിനെതിരെ വീണ്ടും കേസുണ്ടായിരുന്നു. അന്ന് നാഗരാജ് ആറ് വർഷം തടവ് ശിക്ഷ അനുഭവിച്ചു. അപ്പോഴും തീർന്നില്ല. 2021ൽ കോട്ടയം അതിരമ്പുഴയിൽ മോഷണത്തിനിറങ്ങിയ കുറുവ സംഘാംഗങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ ചോദ്യം ചെയ്യലിന്റെ ഭാഗമായി പൊലീസ് ഇവരെ കാണിച്ചു. അത് തങ്ങൾ തന്നെയാണെന്ന് കറുപ്പയ്യ പൊലീസിനോട് സമ്മതിച്ചു. പക്ഷേ മൂന്നാമത്തെയാൾ ആരാണെന്ന് പറയാൻ തയ്യാറായില്ല.

തമിഴ് നാട്ടിൽ ഇവർക്കെതിരെ ഇരുപതോളം കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. കറുപ്പയ്യക്കെതിരെ നാല് വാറന്‍റും, നാഗരാജിനെതിരെ രണ്ട് വാറണ്ടുമുണ്ട്. സംഘമായി തിരിഞ്ഞ് വീടുകളുടെ അടുക്കള വാതിൽ കുത്തിതുറന്ന് വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസുകളാണ് ഏറെയുമെന്നാണ് പൊലീസ് നൽകുന്ന വിവരം. 

കുറുവ സംഘാംഗങ്ങളിൽ ചിലർ ഇടുക്കി രാജകുമാരിയിൽ സ്ഥലം വാങ്ങി വീടുവച്ച് ആക്രികച്ചവടം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആലപ്പുഴയിൽ നിന്നുള്ള ആന്‍റി കുറുവ സ്ക്വാഡ് രാജകുമാരിയിൽ എത്തിയതും പ്രതികളെ കസ്റ്റ‍ഡിയിൽ എടുത്തതും. തമിഴ്നാട് പൊലീസിന്‍റെ പിടികിട്ടാ പുള്ളികളായ കറുപ്പയ്യയെയും നാഗരാജുവിനെയും നാഗർകോവിലിൽ നിന്നെത്തിയ പൊലിസിന് കൈമാറി.

Post a Comment

Previous Post Next Post
Join Our Whats App Group