ബെംഗളൂരു: സ്വകാര്യ സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ബെംഗളൂരുവിൽ 24 കാരിയായ യുവതി ആത്മഹത്യ ചെതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രധാന ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹാസി എസ് സിംഗ് എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ വൈറ്റ്ഫീൽഡ് ഡിവിഷനു കീഴിലുള്ള എച്ച്എഎൽ പൊലീസ് ഇൻഷുറൻസ് ഏജൻ്റായ പ്രവീൺ സിങ്ങിനെ (42) അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം കേസെടുക്കുകയും ചെയ്തു.
സുഹാസിയുടെ അമ്മാവനാണ് പ്രവീൺ. ജനുവരി 12 ന് രാത്രി 8 മണിയോടെ കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള രാധ ഹോട്ടലിൽ വെച്ച് സുഹാസി പ്രവീണിനെ കണ്ടിരുന്നുവെന്നും ഇരുവരും ഏറെനേരം സംസാരിച്ചെന്നും പൊലീസ് പറയുന്നു. തുടർച്ചയായ പീഡനത്തിൽ മനംനൊന്താണ് സുഹാസി പെട്രോൾ ഉപയോഗിച്ച് ഹോട്ടൽ മുറിയിൽ തീകൊളുത്തിയത്.
പ്രവീൺ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയും വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എങ്കിലും മരണത്തിന് കീഴടങ്ങി. പ്രവീണിനും നിരാസ പൊള്ളലേറ്റു. സുഹാസിയും പ്രവീണും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. സുഹാസി ആറുവർഷമായി ചന്നസാന്ദ്രയിൽ മുത്തശ്ശിമാർക്കൊപ്പമാണ് താമസിക്കുന്നതെന്നും മാതാപിതാക്കൾ കലേന അഗ്രഹാരയിലാണെന്നും എഫ്ഐആറിൽ പറയുന്നു. സുഹാസിക്ക് 19 വയസ്സുള്ള ഒരു സഹോദരിയുണ്ട്. കെആർ പുരത്ത് താമസിച്ചിരുന്ന പ്രവീണിനെയും ഭാര്യ സന്ധ്യയെയും പതിവായി സന്ദർശിച്ചിരുന്നു. അവധി ദിവസങ്ങളിൽ സുഹാസി പ്രവീണിനും സന്ധ്യയ്ക്കുമൊപ്പം പലപ്പോഴും യാത്ര പോയിരുന്നതായി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്തിടെ, സുഹാസി മറ്റൊരാളെ കാണാൻ തുടങ്ങിയതോടെ പ്രവീൺ എതിർപ്പ് പ്രകടിപ്പിക്കുകയും വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജനുവരി 13ന് കുടുംബ സുഹൃത്ത് നവനാഥ് പാട്ടീൽ വിവരം അറിയിക്കുന്നത് വരെ സുഹാസിയുടെ മാതാപിതാക്കൾ പീഡന വിവരം അറിഞ്ഞിരുന്നില്ല.
എന്നാൽ, പ്രവീൺ സിങ്ങിൻ്റെ പിടിച്ചെടുത്ത മൊബൈൽ ഫോൺ, പെൻഡ്രൈവ് എന്നിവയിൽ നിന്ന് സുഹാസിയുടെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Post a Comment