കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം ഇട്ടുകൊണ്ട് 21 വൈദികര്‍ നടത്തിവന്നിരുന്ന പ്രാര്‍ത്ഥനാ യജ്ഞം അവസാനിപ്പിച്ചു. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടപെടലാണ് സമവായത്തിന് കളമൊരുങ്ങിയത്.
പ്രാര്‍ഥനയജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചര്‍ച്ച നടത്തുകയായിരുന്നു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കും എന്ന ഉറപ്പ് നല്‍കിയതായിട്ടാണ് സൂചന. 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി ഇതില്‍ പ്രതികരിച്ചത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മാര്‍ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചിരുന്നു. വൈദികര്‍ക്കെതിരായ ശിക്ഷ നടപടികളുടെ തുടര്‍നടപടികള്‍ വിഷയം പഠിച്ച ശേഷം മാത്രമേ ഉണ്ടാകൂ. വൈദികര്‍ക്കെതിരെ കേസെടുത്തത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സെന്‍ട്രല്‍ എസിപി സി.ജയകുമാര്‍ വ്യക്തമാക്കി.
കുര്‍ബാന തര്‍ക്കത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് പ്രാര്‍ത്ഥനാ യജ്ഞം നടത്തിയ 21 വൈദികരെ ശനിയാഴ്ച പുലര്‍ച്ചെ പൊലീസ് എത്തി ബിഷപ്പ് ഹൗസില്‍ നിന്ന് ബലം പ്രയോഗിച്ചു നീക്കിയതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പൊലീസ് മര്‍ദിച്ചുവെന്നും കൈകള്‍ക്കും കാലിനും പരിക്കേറ്റെന്നും വൈദികര്‍ ആരോപിച്ചിരുന്നു. പിന്നാലെ കാര്യങ്ങള്‍ വന്‍ സംഘര്‍ഷമാകുകയായിരുന്നു.
ഇരുന്നൂറോളം പ്രതിഷേധക്കാരാണ് ബിഷപ്പ് ഹൗസിന് മുന്‍പില്‍ തമ്പടിച്ചത്. ബിഷപ്പ് ഹൗസിലെ ഗേറ്റിന്റെ ഒരു ഭാഗം തകര്‍ത്ത് അകത്തു കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. രണ്ട് വൈദികര്‍ അകത്തേക്ക് കടക്കുകയും ചെയ്തു. ബിഷപ്പ് ഹൗസില്‍ അതിക്രമിച്ച് കടന്നതിന് വൈദികര്‍ക്കെതിരെ ഇന്നലെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. സംഘര്‍ഷത്തിന് മുന്‍പ് ബിഷപ്പ് ഹൗസിലെ ക്യാമറകള്‍ കടലാസ് ഉപയോഗിച്ച് മറച്ചുവെന്നും എഫ്ഐആറില്‍ പറഞ്ഞിട്ടുണ്ട്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു, വഴി തടഞ്ഞു എന്നീ കുറ്റങ്ങള്‍ ചുമത്തി പുതിയ മൂന്ന് കേസുകളും എടുത്തിട്ടുണ്ട്.
Post a Comment