Join News @ Iritty Whats App Group

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും അറസ്റ്റിലായ ആളുടേതില്ല, അമ്പരന്ന് പൊലീസ്



മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോർട്ട്. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നതെന്നാണ് എൻഡി ടിവി റിപ്പോർട്ട് വിശദമാക്കുന്നത്. സെയ്ഫ് അലി ഖാന് വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്റേത് ഇല്ലെന്ന് മുംബൈ പൊലീസിൽ നിന്നുള്ള വിവരത്തെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. സംസ്ഥാന സിഐഡി വകുപ്പാണ് ഇക്കാര്യം മുംബൈ പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇതിന് പിന്നാലെ നടന്റെ വീട്ടിൽ നിന്ന് കൂടുതൽ വിരലടയാളം ശേകരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘമുള്ളത്. 

54കാരനായ നടൻ ജനുവരി 16ന് വീട്ടിൽ വച്ച് കവർച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് വിശദമാക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ലീലാവതി ആശുപത്രിയുടെ രേഖകളില്‍ നടനെത്തിയത് 4.10ന്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്. എത്തുമ്പോള്‍ മകന്‍ ഏഴു വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തിയാണ്.

കുത്തേറ്റ മുറിവുകളിലുമുണ്ട് പൊരുത്തക്കേട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ ആറു മുറിവുകള്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രം. ഇനി നടന്‍ പൊലീസിന് നല്‍കിയ വിവരങ്ങളാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group