ജമ്മു കാശ്മീരിലെ രജൗറിയിൽ ദുരൂഹ രോഗം ബാധിച്ച് 16 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. അസ്വാഭവിക മരണം ആശങ്കയുണ്ടാക്കുന്നതാണെന്നും മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വിളിച്ച് ചേർത്ത അടിയന്തര യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡിസംബർ 7 നാണ് ആദ്യമായി ഒരു കുടുംബത്തിലെ 7 പേർക്ക് അജ്ഞാത രോഗാവസ്ഥ റിപ്പോർട്ട് ചെയ്തത്. ദിവസങ്ങൾക്ക് ശേഷം കുടുംബത്തിലെ 5 പേർ മരിച്ചു. ഇതിന് ശേഷം ഡിസംബർ 12 ന് ഈ കുടുംബവുമായി ബന്ധപ്പെട്ട 9 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ വീണ്ടും മരണപ്പെട്ടു. ഒരു മാസങ്ങൾക്ക് ശേഷം ജനവരി 12 ന് മറ്റൊരു കുടുംബത്തിലെ 10 പേർ രോഗബാധിതരായി ചികിത്സ തേടി. ഇവരും ഒരു പൊതുപരിപാടിക്കിടെ ഭക്ഷണം കഴിച്ചിരുന്നു. സംഭവത്തിൽ 7കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 5 കുട്ടികൾ കൊല്ലപ്പെടുകയും ആറ് പേരുടെ നില അതീവഗുരുതരമാകുകയും ചെയ്തു. രോഗം ബാധിച്ച ഒരു മുതിർന്ന സ്ത്രീ വെളളിയാഴ്ച മരണത്തിന് കീഴടങ്ങി.
മരണത്തിന് ശേഷം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വീടുകൾ തോറും പ്രത്യേക സർവേ നടത്തിയിരുന്നു. ഇവിടെയുള്ള 3000ത്തോളം പേരുടെ വിവരങ്ങളാണ് സംഘം ശേഷരിച്ചത്. പ്രദേശത്തെ വെള്ളം, ഭക്ഷണ സാമ്പിളുകളും സംഘം പരിശോധിച്ചു. എന്നാൽ യഥാർത്ഥ കാരണം എന്താണെന്ന് സ്ഥീകരിക്കാൻ സാധിച്ചിട്ടില്ല.
രജൗറിയിലെ 1.5 കിമി പ്രദേശത്തുള്ള ആളുകളാണ് മരിച്ചത്. ഐസിഎംആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ അടക്കുള്ള സ്ഥാപനങ്ങൾ പരിശോധിച്ചിട്ട് പോലും എന്താണ് യഥാർത്ഥ കാരണം എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം ന്യൂറോടോക്സിനുകളാണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്നാണ് ചിലരുടെ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നത്. നാഡീകോശങ്ങളെ ദുർബലപ്പെടുത്തുന്ന പദാർത്ഥമാണ് ന്യൂറോടോക്സിൻ. തലച്ചോർ, സുഷുമ്നാ നാഡി, പെരിഫറൽ ഞരമ്പുകൾ എന്നിവയെ രോഗം ബാധിക്കും. വിഷാംശത്തിന്റേയും അതിന്റെ തീവ്രതയുടേയും അടിസ്ഥാനത്തിൽ ലക്ഷണങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കും. ബാക്ടീരിയ, സസ്യങ്ങൾ അല്ലെങ്കിൽ മൃഗങ്ങൾ എന്നിവയിൽ നിന്നോ സിന്തറ്റിക് രാസവസ്തുക്കളിൽ നിന്നോ ഇവ ശരീരത്തിൽ പ്രവേശിക്കാം.
അതേസമയം രോഗാവസ്ഥയെ കുറിച്ച് വിശദമായി പഠിക്കാനായി കേന്ദ്ര സംഘത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കാശ്മീരിലേക്ക് അയച്ചിട്ടുണ്ട്. മൃഗസംരക്ഷണം, ഭക്ഷ്യസുരക്ഷ, ഫോറൻസിക് സയൻസ് ലാബുകൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടെയുള്ളവരുടെ സംഘത്തെയാണ് അയച്ചിരിക്കുന്നത്.
Post a Comment