Join News @ Iritty Whats App Group

താലിചാർത്തി, വിവാഹം കഴിച്ചെന്ന് പറഞ്ഞ് 15കാരിയെ മൂന്നാറിലെത്തിച്ച് പീഡനം, ഒത്താശ ചെയ്ത് അമ്മയും; അറസ്റ്റിൽ



പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം വല്യകാലയിൽ വീട്ടിൽ അമൽ പ്രകാശ് (25), മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മ എന്നിവരാണ് മലയാലപ്പുഴ പൊലീസിന്‍റെ പിടിയിലായത്. ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചും അമൽ 15 കാരിയെ വലയിലാക്കുകയായിരുന്നു. വിവാഹവാഗ്ദാനം നൽകിയശേഷം ക്ഷേത്രത്തിൽ വെച്ച് താലി ചാർത്തുകയും, തുടർന്ന് മൂന്നാറിലെത്തിച്ച് പ്രതി പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും ചെയ്തു. ഇയാൾക്ക് ഒത്താശ ചെയ്തതായി വെളിവായതിനെ തുടർന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.

15 വയസുകാരിയുടെ അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് യുവാവ്, കുട്ടിയെ വശീകരിച്ചുകൊണ്ടുപോയി താലികെട്ടിയതും വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയതുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പൊലീസ് കുട്ടിയുടെ പിതാവിന്റെ മൊഴിപ്രകാരം ആദ്യം കേസെടുത്തിരുന്നു. ശനിയാഴ്ച്ച രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. മാതാവിന്റെ സഹായത്തോടെ കുട്ടിയെ വീട്ടിൽ നിന്നും ഇയാൾ വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. അമ്മയും ഇവർക്കൊപ്പമുണ്ടായിരുന്നു. 

കുട്ടിയെ ചുട്ടിപ്പാറയിലെത്തിച്ച്, മാതാവിന്റെ സാന്നിധ്യത്തിൽ കഴുത്തിൽ താലിചാർത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ചശേഷം, അന്ന് വൈകിട്ട് 5 മണിക്ക് വീട്ടിൽ നിന്നും കുട്ടിയെ മൂന്നാറിലേക്ക് കൊണ്ടുപോയി. യുവാവിന്റെ നിർദേശപ്രകാരമാണ് രണ്ടാം പ്രതി കുട്ടിയേയും കൂട്ടി മൂന്നാറിൽ ഒപ്പം പോയത്. ഞായറാഴ്ച്ച രാവിലെ മൂന്നാർ ടൗണിനുസമീപം ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു. കുട്ടിയുടെ മാതാവ് ശുചിമുറിയിൽ പോയ തക്കം നോക്കി അമൽ കുട്ടിയെ ബലാൽസംഗം ചെയ്യുകയായിരുന്നു. 

പിതാവിന്‍റെ പരാതിയിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അമ്മയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തി. അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ 7 മണിയോടെ മൂന്നാറിലെത്തി മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലെത്തിച്ചു. വനിതാ എസ് ഐ കെ ആർ ഷെമിമോൾ കുട്ടിയുടെ മൊഴിരേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ അമലിനെതിരെ ബലാൽസംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 

തുടർന്ന് വിശദമായി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. സംരക്ഷണ ചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിൽ മാതാവിനെയും ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു.വൈദ്യ പരിശോധന നടത്തിച്ചശേഷം കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. പ്രതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. തുടർനടപടികൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group