ന്യൂയോര്‍ക്ക്: ലോസ് ആഞ്ചലസിൽ കാട്ടുതീ വിതച്ചതു വൻനാശനഷ്ടം. നാലു ദിവസമായി നാശംവിതയ്ക്കുന്ന തീയിൽ മരണം 11 ആയി. 30,000 ഏക്കർ കത്തിച്ചാന്പലായെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാമെന്ന് അധികൃതർ പറഞ്ഞു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിച്ചു. ശക്തമായ കാറ്റ് തീ ആളിപ്പടർത്താൻ സാധ്യതയുണ്ടെന്നും ഇത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, തീ നിയന്ത്രണവിധേയമാക്കുന്നതിൽ പുരോഗതിയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ അനുസരിച്ച്, ഈറ്റണിലെ തീ ഇപ്പോഴും നിയന്ത്രണാതീതമാണ്. പാലിസേഡ്സ് മേഖലയിൽ മാത്രമാണ് തീയണയ്ക്കുന്നതിൽ പുരോഗതിയുള്ളത്.
ഹർസ്റ്റിൽ 37 ശതമാനം തീ നിയന്ത്രണവിധേയമായപ്പോൾ, ലിഡിയയിലെ കണക്ക് 75 ശതമാനമാണ്. ലോസ് ആഞ്ചലസിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയത് സ്ഥിതിഗതികൾ കൂടുതൽ അനിയന്ത്രിതമാക്കി. കാറ്റിന്റെ വേഗത കുറഞ്ഞതോടെ ഹെലികോപ്റ്ററിൽനിന്നു വെള്ളം പന്പ് ചെയ്ത് തീ അണയ്ക്കുന്നത് എളുപ്പമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
തീപിടിത്തത്തിൽ 135 ബില്യൺ യുഎസ് ഡോളർ മുതൽ 150 ബില്യൺ യുഎസ് ഡോളർ വരെ നാശനഷ്ടവും സംഭവിച്ചതായാണു പ്രാഥമിക നിഗമനം. പാരീസ് ഹിൽട്ടണും മെൽ ഗിബ്സണും ഉൾപ്പെടെ നിരവധി സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വീടുകൾ അഗ്നിക്കിരയായിട്ടുണ്ട്. ഏകദേശം 153,000 ആളുകളോട് ദുരിതബാധിത പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിയാൻ ആവശ്യപ്പെട്ടതായി ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് റോബർട്ട് ലൂണ പറഞ്ഞു.
Post a Comment