അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ തന്റെ ഒളിംപിക് മെഡലുകളും വീടും നഷ്ടമായതായി മുന്‍ യുഎസ് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയര്‍. പസിഫിക്ക് പാലിസാഡ്സിലുള്ള തന്റെ വസതിയും 10 ഒളിംപിക് മെഡലുകളും നഷ്ടമായതായി ഓസ്ട്രലിയന്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ഗാരി ഹാള്‍ പറയുന്നു. വീട്ടിലെ കുറച്ചു സാധനങ്ങളും വളര്‍ത്തു നായയേയും മാത്രമാണ് തനിക്കു രക്ഷപ്പെടുത്താന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തീ പടരുന്നതിനെ തുടര്‍ന്ന് വീടൊഴിയുമ്പോള്‍ മെഡലുകളെ കുറിച്ച് ചിന്തിച്ചിരുന്നു. പക്ഷെ അതെടുക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. എല്ലാം കത്തിനശിച്ചു. എന്നാല്‍ അതില്ലാതെയും എനിക്ക് ജീവിക്കാനാകും. എല്ലാം വെറും വസ്തുക്കള്‍ മാത്രമാണ്. എല്ലാം നേടാനായി കഠിനാധ്വാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ് ഗാരി ഹാള്‍ പറഞ്ഞു.
50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ തുടരെ രണ്ടുവട്ടം ഒളിംപിക്സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000-ത്തില്‍ സിഡ്നി, 2004-ല്‍ ഏഥന്‍സ് ഒളിംപിക്സുകളിലായിരുന്നു ഈ നേട്ടം. 1996ലെ ഒളിംപിക്സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്. ഈ അഞ്ച് സ്വര്‍ണത്തിനൊപ്പം 3 വെള്ളി, 2 വെങ്കലം മെഡലുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇവയെല്ലാം കാട്ടുതീയില്‍ നഷ്ടമായി.
ജനുവരി ഏഴിന് പടര്‍ന്ന ലോസ് ആഞ്ജലിസിലെ കാട്ടുതീ ഇതുവരെയും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. പതിനായിരകണക്കിന് ആളുകളെയാണ് മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചത്.
Post a Comment