Join News @ Iritty Whats App Group

വിഖ്യാത സംവിധായകന്‍ ശ്യാം ബെനഗല്‍ അന്തരിച്ചു


ന്യൂഡല്ഹി> വിഖ്യാത സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.90 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1976 ല് പദ്മശ്രീയും 1991ല് പദ്മവിഭൂഷണും നല്കി രാജ്യം ആദരിച്ചു. 18 ദേശീയ പുരസ്കാരങ്ങള് നേടി.

അങ്കുര് (1973), നിശാന്ത് (1975), മന്ഥന് (1976), ഭൂമിക (1977), മമ്മോ (1994), സര്ദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങള് സംവിധാനം ചെയ്തതിലൂടെ ശ്യാം ബെനഗല് പ്രശസ്തനായിരുന്നു. ഇന്ത്യന് ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങള് ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനയ്ക്ക് 2005 ല് ദാദാ സാഹിബ് ഫാല്കെ പുരസ്കാരം ലഭിച്ചു.


2006 മുതല് 2012 വരെ രാജ്യസഭാംഗമായിരുന്നു. ഭാര്യ: നീര ബെനഗല്.

പ്രശസ്ത ഫോട്ടോഗ്രഫറായിരുന്ന ശ്രീധര് ബി, ബെനഗലിന്റെ മകനായി 1934 ഡിസംബര് 14 ന് ആന്ധ്രപ്രദേശിലെ ഹൈദരാബാദിലാണ് ശ്യാം ജനിച്ചത്. കര്ണാടക സ്വദേശിയായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ക്യാമറ ഉപയോഗിച്ച് 12ാം വയസ്സിലാണ് ശ്യാം ബെനഗല് ആദ്യത്തെ ചലച്ചിത്രസൃഷ്ടി നടത്തിയത്. ഉസ്മാനിയ സര്വകലാശാലയില്നിന്ന് സാമ്പത്തികശാസ്ത്രത്തില് ബിരുദാനന്തരബിരുദം നേടിയ ശേഷം ഒരു പരസ്യ ഏജന്സിയില് കോപ്പിറൈറ്ററായി ജോലി ചെയ്തു. 1962 ല് ആദ്യത്തെ ഡോക്യുമെന്ററി എടുത്തു.

1973 ലാണ് ആദ്യ സിനിമ അങ്കുര് എടുത്തത്. പിന്നീട് നിഷാന്ത്, മന്ഥന്, ഭൂമിക എന്നീ ചിത്രങ്ങളും പുറത്തുവന്നതോടെ അക്കാലത്ത് ഇന്ത്യയിലെ നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളായി ബെനഗല് കണക്കാക്കപ്പെട്ടു. 1966 മുതല് 1973 വരെ പൂനെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് അധ്യാപകനായിരുന്നു. നാഷനല് ഫിലിം ഡവലപ്മെന്റ് കോര്പറേഷന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group