ദില്ലി: സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി വിമർശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി വിശദമാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് നിയമം എന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെയാണ് ഉത്തരവ്.
ചൊവ്വാഴ്ചയാണ് സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗത്തേക്കുറിച്ച് സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്. ഗാർഹിക തർക്കങ്ങൾ സംബന്ധിയായ കേസിൽ രാജ്യത്ത് വലിയ രീതിയിലാണ് വർധിച്ചിരിക്കുന്നത്. എന്നാൽ വലിയ രീതിയിൽ നിയമം ദുരുപയോഗം ചെയ്യുന്നതായി കോടതി ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെയുള്ള വൈരാഗ്യം തീർക്കാനായി നിയമം ഉപയോഗിക്കരുത്.
കൃത്യമായ തെളിവുകൾ ഇല്ലാതെ വ്യാപകമായ രീതിയിൽ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായ നിലയിൽ നിയമത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. ഇത്തരം കേസുകൾ ശ്രദ്ധയിൽ വന്നാൽ തള്ളിക്കളയണമെന്നും കീഴ്ക്കോടതികളോട് സുപ്രീം കോടതി നിർദ്ദേശിച്ചു. അഞ്ച് നഗരങ്ങളിൽ താമസിക്കുന്ന ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കെതിരായ സ്ത്രീധന നിരോധന പ്രകാരമുള്ള കേസിലാണ് കോടതിയുടെ നിരീക്ഷണം. ദമ്പതികളോടൊപ്പം ഒരു വീട്ടിൽ താമസിക്കാത്ത ആളുകളെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നത് നിയമത്തിന്റെ ദുരുപയോഗം ആണെന്നാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. തമിഴ്നാട്ടിലെ ജോളാർപേട്ടയിൽ താമസിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനെതിരായ യുവതിയുടെ കേസിലാണ് കോടതിയുടെ നിർണായക നിരീക്ഷണം.
2015ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് മക്കളാണ് ഉള്ളത്. ഭർത്താവിനും ഭർതൃമാതാപിതാക്കൾ, ഭർത്താവിന്റെ മൂന്ന് സഹോദരിമാർ എന്നിവർക്കെതിരായാണ് യുവതി പരാതി നൽകിയത്. തെലങ്കാന ഹൈക്കോടതി കേസ് തള്ളാൻ വിസമ്മതിക്കുകയും കുറ്റാരോപിതർക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 2021ൽ ഭർത്താവ് സംയുക്തമായി തീരുമാനിച്ച ശേഷം യുവതിക്ക് വിവാഹ മോചനത്തിനുള്ള വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെ 2022 ഫെബ്രുവരിയിലാണ് യുവതി കോടതിയെ സ്ത്രീധന നിരോധന നിയമ പ്രകാരം കോടതിയെ സമീപിച്ചത്.
Post a Comment