Join News @ Iritty Whats App Group

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍


കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും. ഈ സംഘത്തിൽ പെട്ട രണ്ട് പേരെ ഇടുക്കിയിൽ നിന്നും പൊലീസ് പിടികൂടി. ഇടുക്കി നെടുങ്കണ്ടത്ത് നിന്നും ഹൈദര്‍, മുബാറക് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങില്‍ പെട്ടവരാണ് ഇവർ. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തമിഴ്‌നാട് പേരയൂര്‍ സ്വദേശികളാണ് ഹൈദര്‍, മുബാറക് എന്നിവർ. സ്വര്‍ണക്കടയില്‍ മോഷണം നടത്താനുള്ള ശ്രമത്തിനിടെയായിരുന്നു സംഘത്തെ പൊലീസ് പിടികൂടിയത്. നെടുങ്കണ്ടത്ത് പടിഞ്ഞാറെ കവലയിലുള്ള സ്റ്റാര്‍ ജുവെല്‍സിലാണ് മോഷണശ്രമം നടന്നത്. ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേനയാണ് പ്രതികളെത്തിയത്. ആഭരണങ്ങള്‍ നോക്കുന്നതിനിടെ ഹൈദര്‍ സ്വര്‍ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കുകയായിരുന്നു. ഇത് കണ്ട ഉടമ കയ്യോടെ ഇയാളെ പിടികൂടി. ഇതിനിടെ കൂടെയുണ്ടായിരുന്ന മുബാറക് കടയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.

തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുബാറക് പൊലീസിന്റെ പിടിയിലായത്. ബസില്‍ സ്ഥലം വിടാന്‍ ശ്രമിച്ച ഇയാളെ ശാന്തന്‍പാറ പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കുറുവസംഘത്തിന് സമാനമായി രണ്ടോ മൂന്നോ പേര്‍ അടങ്ങുന്ന ചെറുസംഘങ്ങളായി തിരിഞ്ഞാണ് ഇറാനി ഗ്യാങ്ങും മോഷണം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് പിടിയിലായിരിക്കുന്നെതെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group