തൃശൂർ: തൃശൂര്‍ കോര്‍പ്പറേഷൻ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാർ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കൈയ്യിൽ നിന്നും മേയർ കേക്ക് വാങ്ങിക്കഴിച്ചത് സ്വാഭാവികമായി കരുതുന്നില്ലെന്നും ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണ് മേയർ പിന്തുടരുന്നതെന്നും സുനിൽ കുമാർ കുറ്റപ്പെടുത്തി.
'ചോറ് ഇവിടെയും കൂറവിടേയുമാണ് അദ്ദേഹത്തിന്. കെ സുരേന്ദ്രൻ തൃശൂർ മേയർക്ക് കേക്ക് കൊടുത്തത് വഴിതെറ്റി വന്ന് കൊടുത്തതല്ല. എനിക്ക് അതിൽ യാതൊരു അത്ഭുതവും തോന്നിയിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് വേണ്ടി പരോക്ഷമായി പ്രവർത്തിച്ച വ്യക്തിയാണ് മേയർ. അദ്ദേഹം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ചെലവിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് വ്യക്തിപരമായും രാഷ്ട്രീയപരമായും യോജിക്കാൻ കഴിയുന്ന കാര്യമല്ല.
ഇടതുപക്ഷത്തിന്റെ ചിലവാണ് അദ്ദേഹം ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എൽ ഡി എഫിനോട് കൂറുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം മുന്നണിക്ക് വേണ്ടി രംഗത്തിറങ്ങണമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, എൻ ഡി എയെ ബൂസ്റ്റ് ചെയ്യിക്കാനായി സ്വന്തം പദവി ദുരുപയോഗം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് നേരത്തേ തന്നെ സി പി ഐ വ്യക്തമാക്കിയതാണ്. പക്ഷെ മുന്നണിയിൽ ഉള്ളതിനാൽ സഹിച്ച് മുന്നോട്ട് പോകുകയാണ്', അദ്ദേഹം പറഞ്ഞു. അതേസമയം സുനിൽ കുമാറിന് മറുപടിയുമായി വർഗീസ് രംഗത്തെത്തി. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വര്‍ഗീസ് പ്രതികരിച്ചു.
'ഞാനൊരു ക്രിസ്ത്യാനി അല്ലേടോ,എനിക്ക് സ്വന്തം പാര്‍ട്ടിക്കാര്‍ കേക്ക് കൊണ്ട് തന്നില്ല, കോൺഗ്രസുകാരും തന്നില്ല. ബിജെപിക്കാർ എന്റെ സമ്മതം വാങ്ങിയല്ല വന്നത്. ക്രിസ്തുമസ് ദിവസമാണ് എത്തിയത്. അന്ന് വീട്ടിലേക്കൊരാൾ കേക്കും കൊണ്ടുവരുമ്പോൾ എന്റെ വീട്ടിലേക്ക് കയറരുത് എന്ന് പറയാനുള്ള സംസ്കാരം എനിക്ക് ഇല്ല. ഞങ്ങള്‍ ക്രിസ്ത്യാനികൾ സ്നേഹം പങ്കിടുന്നവരാണ്. വിഎസ് സുനിൽ കുമാർ ബിജെപിക്കാര് കേക്ക് തന്നാൽ വാങ്ങിക്കില്ലേ? ബി ജെ പിക്കാരുടെ കൈയ്യിൽ നിന്നും കേക്ക് വാങ്ങിയെന്ന് കരുതി ഞാൻ ബി ജെ പിയുടെ കൂടെ പോകില്ല.
ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി വന്നപ്പോൾ ചായകൊടുത്തത് തെറ്റാണോ? ഈ പറയുന്ന സുനിൽ കുമാർ എന്നെ കാണാൻ പോലും വന്നിട്ടില്ല. സുനിൽ കുമാറിന് മാത്രം ഇതൊക്കെ പ്രശ്നമാകുന്നത് എന്താണെന്ന് മനസിലാകുന്നില്ല', അദ്ദേഹം പറഞ്ഞു.
Post a Comment