Join News @ Iritty Whats App Group

ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു



ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമർപ്പിച്ചു. മേക്കപ്പ് മാനേജർ സജീവിനെതിരെയാണ് കോട്ടയം പൊൻകുന്നം പൊലീസ് കേസെടുത്തത്. കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.



ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തില്‍ ഇതുവരെ 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറയിച്ചിരുന്നു. 2014ൽ നടന്ന സംഭവുമായി ബന്ധപ്പെട്ടാണ് യുവതി ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയത്. ഒരു സിനിമാ ചിത്രീകരണത്തിനിടെ സെറ്റിൽ വച്ച് മേക്കപ്പ് ആർട്ടിസ്റ്റായ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി.



ആദ്യ ഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ല. പിന്നീട് ഹൈക്കോടതി ഇടപെടൽ ഉണ്ടായതോടെയാണ് പരാതി നൽകിയത്. കുറ്റപത്രത്തിലെ വിശദാംശങ്ങൾ നിലവിൽ പുറത്ത് വന്നിട്ടില്ല. അന്വേഷണ സംഘത്തിന് മൊഴി നല്‍കിയതിന്‍റെ പേരില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സ്വകാര്യമായ വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുകയോ ചെയ്താല്‍ പരാതി നല്‍കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group