Join News @ Iritty Whats App Group

ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം: സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം


ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും മരണവുമായി ബന്ധപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകളിൽ പൊലീസ് അന്വേഷണം നടത്തും. തെളിവുകൾ ലഭിച്ചാൽ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സുൽത്താൻബത്തേരി പൊലീസ് ആണ് എൻഎം വിജയന്‍റെയും മകന്‍റെയും ആത്മഹത്യ അന്വേഷിക്കുന്നത്. അതേസമയം എംഎൽഎ ഐസി ബാലകൃഷ്ണന്റെ രാജി ആവശ്യം ശക്തമാക്കിയിരിക്കുകയാണ് സിപിഎം.

ഐസി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബത്തേരിയിലെ എംഎൽഎ ഓഫീസിലേക്ക് സിപിഎം നാളെ മാർച്ച് നടത്തും. അർബൻ ബാങ്ക് നിയമന തട്ടിപ്പുമായി വിജയന്‍റെയും മകന്‍റെയും മരണത്തിന് ബന്ധമുണ്ടെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം.

അതിനിടെ അടിസ്ഥാനരഹിതമായ ആരോപണവും വ്യാജ രേഖയും തനിക്കെതിരെ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് എസ് പിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഐസി ബാലകൃഷ്ണൻ. നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ വിശദീകരണം. എൻഎം വിജയന്‍റെ ഫോണ്‍ കോള്‍ രേഖകള്‍ അടക്കം പരിശോധിക്കണമെന്നും ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്നും ഐസി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. താൻ ഡിസിസി പ്രസിഡന്‍റായിരുന്നപ്പോള്‍ ഉയര്‍ന്ന നിയമന വിവാദം പാര്‍ട്ടി അന്വേഷിച്ചിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നാണ് അന്ന് കണ്ടെത്തിയതെന്നും എംഎൽഎ പറഞ്ഞു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ എം വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group