Join News @ Iritty Whats App Group

‘അല്ലുവിന്റെ കുറ്റമല്ല തിക്കും തിരക്കും’ ; കേസ് പിൻവലിക്കാനൊരുങ്ങി മരിച്ച യുവതിയുടെ ഭർത്താവ്


ഹൈദരാബാദ്: പുഷ്പ 2 ദി റൂൾ സിനിമയുടെ ആദ്യ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അല്ലു അർജുൻ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കേസ് പിൻവലിക്കാൻ തയ്യാറാണെന്നും തിക്കിനും തിരക്കിനും അല്ലു അർജുൻ ഉത്തരവാദിയല്ലെന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് പറഞ്ഞു.

“എൻ്റെ മകൻ സിനിമ കാണാൻ ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് ഞങ്ങൾ അന്ന് സന്ധ്യ തിയറ്ററിൽ പോയത്. അല്ലു അർജുൻ തിയേറ്ററിൽ പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഞാൻ എൻ്റെ കേസ് പിൻവലിക്കാൻ തയ്യാറാണ്. അറസ്റ്റിനെ കുറിച്ച് എന്നെ അറിയിച്ചില്ല. തിക്കിനും തിരക്കിനും അല്ലു അർജുൻ കാരണക്കാരനല്ല," ഭാസ്കർ മാധ്യമങ്ങളോട് പറഞ്ഞത്.

ഭാസ്‌കർ നൽകിയ പരാതിക്ക് ശേഷമാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദ് പോലീസ് ഉദ്യോഗസ്ഥർ അല്ലു അർജുൻ്റെ ജൂബിലി ഹിൽസിലെ വസതിയിലെത്തി നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം അല്ലുവിനെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി, ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നടനെ വൈദ്യപരിശോധനയ്ക്കായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

ഡിസംബർ നാലിന് രാത്രിയിൽ അല്ലു അർജുനെ കാണാം എന്ന ആഗ്രഹത്തിൽ ആർ.ടി.സി. ക്രോസ്റോഡിലെ തിയേറ്ററിൽ ഒരു വലിയ ജനക്കൂട്ടം തടിച്ചു കൂടിയിരുന്നു. പുഷ്പ ദി റൂൾ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നടക്കുകയായിരുന്നു ഇവിടെ. എന്നാൽ ജനത്തിരക്കിൽ ഉന്തും തള്ളും മൂലമുണ്ടായ പ്രതിസന്ധിയിൽ ഒരു യുവതി മരിക്കുകയും, മകന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു വരികയാണ്.

നടൻ, അദ്ദേഹത്തിന്റെ സുരക്ഷാ സംഘം, തിയേറ്റർ മാനേജ്മെന്റ് എന്നിവർക്കെതിരെ ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 105, 118(1) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മരിച്ച യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്നായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Post a Comment

Previous Post Next Post
Join Our Whats App Group