ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന്റെ വാക്കുകള്‍ ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. ഡല്‍ഹി മുഖ്യമന്ത്രി അതിഷിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. വ്യാജക്കേസുണ്ടാക്കി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണാന് കെജ്രിവാള്‍ തീരുമാനിച്ചിട്ടുണ്ട്. ഈ വേളയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിവരം കെജ്രിവാളിന് ലഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസുമായി നിരന്തരം കലഹിക്കുന്ന ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ചില പ്രവര്‍ത്തനങ്ങളാണ് മറുചേരിയെ പ്രകോപിപ്പിക്കുന്നത് എന്നാണ് കെജ്രിവാള്‍ സൂചിപ്പിക്കുന്നത്.
രാജ്യതലസ്ഥാനമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ എഎപി നേതൃത്വം പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. സ്ത്രീകളെയും മുതിര്‍ന്ന വോട്ടര്‍മാരെയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് മിക്കതും. ഇതാണ് മുഖ്യമന്ത്രിക്ക് കുരുക്കിടുന്നതിലേക്ക് നയിക്കുന്നത് എന്ന സൂചനയാണ് കെജ്രിവാള്‍ നല്‍കുന്നത്.
എഎപി, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികളുടെ ത്രികോണ മല്‍സരമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ നടക്കുക. കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ശേഷം കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എഎപിയാണ് മികച്ച വിജയം നേടി ഡല്‍ഹി ഭരിക്കുന്നത്. എന്നാല്‍ ഇത്തവണ എന്തുവില കൊടുത്തും ഭരണം പിടിക്കണമെന്നാണ് ബിജെപിയുടെ നിലപാട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും കൈകോര്‍ത്താണ് മല്‍സരിച്ചത്. എന്നിട്ടും ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി തന്നെ ജയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുന്ന ഡല്‍ഹി പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയാണ് തൂത്തുവാരുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഡല്‍ഹി കടക്കവെയാണ് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്ന് കെജ്രിവാള്‍ പറഞ്ഞിരിക്കുന്നത്. അതിന് മുന്നോടിയായി പല എഎപി നേതാക്കളുടെ വസതികളിലും റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ടെന്നും കെജ്രിവാള്‍ പറയുന്നു. വ്യാജക്കേസുണ്ടാക്കിയാകും അറസ്റ്റ്. ഡല്‍ഹി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനമാണ് അവരെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു.
മഹിള സമ്മാന്‍ യോജന, സഞ്ജീവനി യോജന തുടങ്ങിയ ജനക്ഷേമ പദ്ധതികള്‍ അടുത്തിടെ അതിഷി നേതൃത്വം നല്‍കുന്ന എഎപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യോഗ്യരായ വനിതകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുന്നതാണ് മഹിള സമ്മാന്‍ യോജന. ഈ തുക ഭരണത്തിലെത്തിയാല്‍ 2100 ആക്കി ഉയര്‍ത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികില്‍സ ഉറപ്പാക്കുന്നതാണ് സഞ്ജീവനി യോജന.
Post a Comment