സവര്‍ക്കറെ ഉന്നമിടുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദേഹത്തിന്റെ ഈ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
. നാഗ്പൂരിലെ വിധാന്‍ ഭവനില്‍ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയില്‍ ഉദ്ധവിനൊപ്പം മകനും വര്‍ളി എംഎല്‍എയുമായ ആദിത്യ താക്കറെയും എംഎല്‍എമാരായ അനില്‍ പരബ്, വരുണ്‍ സര്‍ദേശായി എന്നിവരും ഉണ്ടായിരുന്നു.
മഹായുതി സഖ്യത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് താക്കറെയും മറ്റു പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയില്‍ നേതാക്കളാരും പങ്കെടുത്തിരുന്നില്ല. എന്നാല്‍ നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്തിയ ഉദ്ധവ് താക്കറെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചക്കുശേഷം ഉദ്ധവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മഹായുതിയുടെ വിജയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയിലെ ആശങ്ക ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ-ആശയപരമായ വ്യത്യാസങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും പക്ഷേ തങ്ങള്‍ ശത്രുക്കളല്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.
പ്രതിപക്ഷ പദവി ലക്ഷ്യമിട്ടാണ് ഉദ്ധവിന്റെ കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എം.വി.എയിലെ ഒരു പാര്‍ട്ടിക്കു പോലും പ്രതിപക്ഷ സ്ഥാനത്തിനുള്ള 10 ശതമാനം മാര്‍ക്ക് കടക്കാനായിട്ടില്ല. പ്രതിപക്ഷ സഖ്യത്തില്‍ ഉദ്ധവിന്റെ ശിവസേനക്കാണ് കൂടുതല്‍ സീറ്റുകള്‍ (20). എം.വി.എ സഖ്യത്തിന് 49 സീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്.
Post a Comment