Join News @ Iritty Whats App Group

‘കുറച്ച് സിനിമയും കാശുമായപ്പോൾ കേരളത്തോട് അഹങ്കാരം’; നൃത്തം പഠിപ്പിക്കാൻ നടി ചോദിച്ചത് ലക്ഷങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി


പ്രശസ്‌ത മലയാള സിനിമ നടിക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ അവതരണഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ നടി ലക്ഷങ്ങൾ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടെന്ന് മന്ത്രി ആരോപിച്ചു. സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരിയായി ഉന്നതിയിലെത്തുമ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.

16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയിൽ നടത്തുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് വേണ്ടിയാണ് നൃത്തം പഠിക്കാൻ നടിയോട് ആവശ്യപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്‌ത സിനിമാ നടിയോടാണ് പത്ത് മിനിട്ട് ദൈർഘ്യമുള്ള നൃത്തം കുട്ടികളെ പഠിപ്പിക്കാമോ എന്ന് ചോദിച്ചത്. അവർ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ നടി ആരാണെന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. തുടർന്ന് ഇത്രവലിയ തുകനൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അദ്ധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂൾ കലോത്സവം വഴി മികച്ച കലാകാരി ആകുകയും അതുവഴി സിനിമയിലെത്തി അവിടെ വലിയ നിലയിലാകുകയും ചെയ്‌ത ചില നടിമാർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത്തരക്കാർ പിൻതലമുറയ്ക്ക് മാതൃകയാകേണ്ടവരാണ്. കുറച്ച് സിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് ഇവർ അഹങ്കാരം കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് നടി അഹങ്കാരം കാണിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post
Join Our Whats App Group