Join News @ Iritty Whats App Group

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ ആത്മഹത്യ: മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്ക്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണ കാരണം തലയ്ക്കും ഇടുപ്പിനും ഇടത് തുടയ്ക്കുമേറ്റ പരിക്കെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമ്മുവിന്റെ ശരീരത്തിൽ 20ഓളം പരിക്കുകളുണ്ടെന്നും വീഴ്ചയിൽ കാൽമുട്ടുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം അമ്മു മരിച്ച ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

അമ്മുവിൻറെ വിരലുകൾക്ക് പൊട്ടൽ സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇക്കഴിഞ്ഞ നവംബര്‍ പതിനഞ്ചിനായിരുന്നു അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മു മരിക്കുന്നത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു.

അമ്മുവിന്റെ അധ്യാപകനായ സജിയെ ചോദ്യം ചെയ്യണമെന്ന് അമ്മുവിന്റെ അച്ഛൻ പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതായെന്ന് പറഞ്ഞ് അമ്മുവിനെ സജിയും പ്രതികളായ വിദ്യാര്‍ത്ഥിനികളും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളായ വിദ്യാര്‍ത്ഥിനികളെ ഒരു വശത്തും അമ്മുവിനെ മറു വശത്തും നിര്‍ത്തി കൗണ്‍സിലിങ് എന്ന പേരില്‍ സജി രണ്ട് മണിക്കൂറിലേറെ കുറ്റവിചാരണ നടത്തി. അതിന് ശേഷമാണ് അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതെന്നും പരാതില്‍ പറഞ്ഞിരുന്നു. അതേസമയം രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിൾ ശേഖരിച്ച് രാസ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group