Join News @ Iritty Whats App Group

നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകം; ഒളിവിലായിരുന്ന യുവാവ് ഗോവയിൽ മരിച്ചതായി വിവരം


മലപ്പുറം: നിലമ്പൂരിലെ നാട്ടുവൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ ഒളിവിലായിരുന്ന യുവാവ് ഗോവയിൽ വെച്ച് വൃക്ക രോഗത്തെ തുടർന്ന് മരിച്ചതായി പൊലീസിന് വിവരം. മുക്കട്ട കൈപ്പഞ്ചേരി സ്വദേശി ഫാസിൽ (33) ആണ് മരിച്ചത്. കേസിലെ മുഖ്യപ്രതികൾ പിടിയിലായതിനെ തുടർന്ന് ഒളിവിൽ പോവുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നുവെങ്കിലും പിടികൂടാനായിരുന്നില്ല. ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് മരണവിവരം അറിയുന്നത്.

2022ലാണ് കേസിന്നാസ്പദമായ സംഭവം. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടുവന്ന് നിലമ്പൂരിൽ തടവിൽ പാർപ്പിച്ചു കൊലപ്പെടുത്തിയ ശേഷം ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കേസ്. 3177 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. മുഖ്യ പ്രതി ഷൈബിൻ അഷ്‌റഫ്‌ അടക്കം പന്ത്രണ്ട് പ്രതികളാണ് അറസ്റ്റിലായത്. 

കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് മുമ്പിൽ നടത്തിയ ആത്മഹത്യ ഭീഷണിയിൽ നിന്നാണ് കേരളം ഞെട്ടിയ കൊലപാതക കേസിലേക്ക് വഴിതുറക്കുന്നത്. മൂലക്കുരുവിന് ഒറ്റമൂലി ചികിത്സ നടത്തിയിരുന്ന ഷാബാ ഷെരീഫിനെ ചികിത്സാ രഹസ്യം മനസിലാക്കാൻ മൈസൂരുവിൽ നിന്ന് തട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് 15 മാസത്തോളം നിലമ്പൂരിൽ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ വീട്ടിൽ തടവിൽ പാർപ്പിച്ചു. പിന്നീട് കൊലപ്പെടുത്തി വെട്ടിനുറുക്കി പുഴയിൽ തള്ളിയെന്നാണ് കേസ്. മെയ് എട്ടിനാണ് കേസ് എടുത്തത്. 89ാം ദിവസം കുറ്റപത്രം നൽകി.

ഷൈബിൻ അഷ്‌റഫിന്റെ കുളിമുറിയിലെ പൈപ്പ്, നവീകരിച്ച കുളിമുറിയിൽ നിന്ന് നീക്കം ചെയ്ത ടൈൽ, മണ്ണ്, സിമെന്റ്എന്നിവയിൽ നിന്നുമായി ലഭിച്ച രക്തക്കറ, മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൽ നിന്ന് ലഭിച്ച മുടി തുടങ്ങിയവയാണ് പൊലീസ് കണ്ടെത്തിയ തെളിവുകൾ. മൃതദേഹ ഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group