തിരുവനന്തപുരം: പ്രമുഖ സീരിയല്‍ നടന്‍ ദിലീപ് ശങ്കറിന്റെ മരണത്തില്‍ ദുരൂഹത. പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്തിയില്ലെന്നും മരണം ആത്മഹത്യയല്ലെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ നടത്താനാണ് തീരുമാനം.
ദിലീപ് മുറിയില്‍ തലടയിച്ചു വീണതായി സംശയിക്കുന്നുണ്ട്. ആന്തരീകാവയവങ്ങളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു നേരത്തേ പോലീസ് വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയോടെയാണ് 50 കാരനായ ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാന്റോസ് ജങ്ഷനിലുള്ള സ്വകാര്യ ഹോട്ടലിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞിരുന്നു.
നാല് ദിവസം മുമ്പാണു ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. താരം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണു വിവരം. ദുര്‍ഗന്ധം വമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്ന് നോക്കിയപ്പോഴാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമാകാനാണു സാധ്യത എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.
ചാപ്പാ കുരിശ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം നിരവധി സീരിയലിലും അഭിനയിച്ചു. തമിഴ് സിനിമയിലും മുഖം കാട്ടിയിട്ടുണ്ട്. എം.ബി.ബി.എസ്. പഠനത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന ദിലീപ് അഭിനയത്തോടുള്ള അടങ്ങാത്ത കമ്പം മൂലമാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതും അഭിനയത്തിലേക്ക് തിരിയുന്നതും.
മാജിക് എന്ന ബ്രാന്‍ഡില്‍ ചപ്പാത്തി അടക്കമുള്ള ഭക്ഷ്യ വസ്തുക്കളുടെ ബിസിനസും ഉണ്ടായിരുന്നു. എറണാകുളം സ്വദേശിയാണ്. സീരിയല്‍ ഷൂട്ടിങ്ങിനായാണു തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളില്‍ പലരും വിളിച്ചിട്ടും ദിലീപ് ശങ്കര്‍ ഫോണെടുത്തിരുന്നില്ലെന്നും സീരിയല്‍ സംവിധായകന്‍ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ ദിലീപിനുണ്ടായിരുന്നുവെന്നാണു വിവരം. കരള്‍ രോഗത്തിന് അടക്കം മരുന്നു കഴിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇൗ സാഹചര്യത്തിലാണ് സ്വാഭാവിക മരണമെന്ന പ്രാഥമിക വിലയിരുത്തലില്‍ പോലീസ് എത്തിയത്. മുറിക്കുള്ളില്‍ ഫോറന്‍സിക് പരിശോധനയും നടത്തിയിട്ടുണ്ട്.
Post a Comment