Join News @ Iritty Whats App Group

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി


സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക- ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.

മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. 2013ൽ പുറത്തിറങ്ങിയ ‘കൗ ബോയ്’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ വഴിത്തിരിവായത്. കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.

ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം കോടതിയിൽ നടക്കുകയാണ്.

കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാർ. തുടര്‍ച്ചയായുള്ള ഹൃദയാഘാതവും ബാലചന്ദ്രകുമാറിനെ പിന്തുടര്‍ന്നിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കായും തുടര്‍ച്ചയായി ബാലചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായിരുന്നു. നവംബർ 11 നാണ് ചെങ്ങന്നൂരിലെ കെഎം ചെറിയാൻ ഹോസ്പിറ്റലിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയ്ക്ക് എത്തിയതാണ്. രണ്ട് ദിവസം മുൻപ് ബൈപ്പാസ് സർജറി ചെയ്തു. പിന്നീട് അണുബാധ ഉണ്ടായി.

Post a Comment

Previous Post Next Post
Join Our Whats App Group