Join News @ Iritty Whats App Group

‘ധരിക്കുന്ന വസ്‌ത്രത്തിന്റെ പേരിൽ സ്‌ത്രീയെ വിലയിരുത്തരുത്, വിവാഹമോചിതകൾ സങ്കടപ്പെട്ട് കഴിയണമെന്നത് അംഗീകരിക്കാനാകില്ല’; ഹൈക്കോടതി


സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്നതും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹിക വീക്ഷണത്തിന്റെ ഫലമാണെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് എംബി സ്നേഹലതയും അടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടത്.

ഉഭയസമ്മതപ്രകാരം ഈ വർഷം ആദ്യം വിവാഹമോചനം നേടിയ യുവതിയാണ് കുട്ടികളുടെ കസ്റ്റഡി നിഷേധിച്ചതിനെതിരേ ഹൈക്കോടതിയിൽ എത്തിയത്. യുവതിയുടെ വസ്ത്രധാരണവും ജീവിത ശൈലിയും കണക്കിലെടുത്ത് കുട്ടികളുടെ കസ്റ്റഡി മാവേലിക്കര കുടുംബകോടതിയാണ് നിഷേധിച്ചത്. ഇതിനെതിരെ രണ്ടു കുട്ടികളുടെ അമ്മയായ യുവതി നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിച്ചു, ഡേറ്റിങ് ആപ്പിൽ ഫോട്ടോ പ്രസിദ്ധീകരിച്ചു, പുരുഷസുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ചു തുടങ്ങിയ കാരണങ്ങളുടെ പേരിലാണ് കുട്ടികളുടെ കസ്റ്റഡി കുടുംബകോടതി നിഷേധിച്ചത്. വിവാഹമോചനം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചതിനെയും കുടുംബകോടതി കുറ്റപ്പെടുത്തിയിരുന്നു.

ഏതുവസ്ത്രം ധരിക്കുന്നുയെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹമോചിതകളെല്ലാം സങ്കടപ്പെട്ട് കഴിയണം എന്ന കുടുംബകോടതിയുടെ വിലയിരുത്തൽ അംഗീകരിക്കാനേ ആകില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group