തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേർത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്.
പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ആണ് കേസിലെ ഒന്നാം പ്രതി. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്‍റെ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്‍റെ പരിധിയിൽ വരുമെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശനം ഉന്നയിച്ചത്. സംഭവത്തില്‍ കോടതിയലക്ഷ്യ നടപടിയാണ് സ്വീകരിക്കേണ്ടത്. കോടതിയുടെ മുൻ ഉത്തരവുകൾക്ക് വിരുദ്ധമായാണ് നടപടിയാണ് ഉണ്ടായതെന്നെന്നും കോടതി നിരീക്ഷിച്ചു. വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്ന് കോടതി ചോദിച്ചിരുന്നു. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാരും അറിയിക്കണമെന്ന് ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റീസ് മുരളീകൃഷ്ണ എന്നിവരുൾപ്പെട്ടെ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.
Post a Comment