Join News @ Iritty Whats App Group

പുതു സംരഭങ്ങള്‍ക്കും കന്നുകാലികളെ വാങ്ങാനും വായ്പ; ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ വഴി നൽകുമെന്ന് മന്ത്രി



തിരുവനന്തപുരം: ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴി ക്ഷീര മേഖലയില്‍ പുതു സംരഭങ്ങള്‍ തുടങ്ങാനും കന്നുകാലികളെ വാങ്ങുന്നതിനും വായ്പകള്‍ അനുവദിക്കുമെന്ന് ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പുമന്ത്രി വി.അബ്ദുറഹിമാന്‍. മൂര്‍ക്കനാട് ആരംഭിക്കുന്ന മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും മലപ്പുറം ഡയറിയുടേയും ഉദ്ഘാടനത്തിന് മുന്നോടിയായുള്ള അഗ്രി -ഡയറി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മില്‍മ മില്‍ക്ക് പൗഡര്‍ ഫാക്ടറി കേരളത്തിന് അഭിമാനവും രാജ്യത്തിന് മുതല്‍ക്കൂട്ടുമാണ്. കേരളത്തിലെ സഹകരണ മേഖലയുടെ വളര്‍ച്ചയുടെ പടവുകളാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. 

പരമ്പരാഗത കൃഷി രീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടന്‍ പശുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാര്‍ഷിക ഉപകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയര്‍കൊണ്ടും നിര്‍മ്മിക്കുന്ന പരമ്പരാഗത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വസ്ത്രം നെയ്യല്‍, നൂല്‍നൂല്‍പ്പ്, മണ്‍കല നിര്‍മ്മാണം എന്നിവയെല്ലാം മേളയില്‍ കാണാം. 
 
നാടന്‍ പശു ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗിര്‍, കാന്‍ക്രെജ് എന്നിവയുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമാകുന്നു. അഗ്രി ഫെസ്റ്റിന്റെ ഭാഗമായ ഭക്ഷ്യമേള കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഒരുക്കിയുള്ളതാണ്. കേരളത്തിന്റെ തനത് ഭക്ഷ്യ ഇനങ്ങളുടെ രുചി ഏവരിലേക്കും എത്തിക്കുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. പച്ചില മരുന്നുകള്‍ ചേര്‍ത്തുള്ള ഭക്ഷ്യ ഉൽന്നങ്ങളും കപ്പയുടെ വിവിധ രുചി ഭേദങ്ങളും മേളയില്‍ ലഭ്യമാണ്. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിച്ചു. നാടന്‍ പശുക്കളുടെ പ്രദര്‍ശനത്തിന്റേയും ഭക്ഷ്യമേളയുടേയും ഉദ്ഘാടനം മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ് നിര്‍വ്വഹിച്ചു. 

കലാസന്ധ്യയുടെ ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വ്വഹിച്ചു. മില്‍മ ഭരണ സമിതി അംഗങ്ങളായ പി. ശ്രീനിവാസന്‍, നാരായണന്‍ പി.പി, മലബാര്‍ മില്‍മ ഭരണ സമിതി അംഗങ്ങളായ അനിത കെ.കെ, സനോജ് .എസ്, ചെന്താമര.കെ, ബാലചന്ദ്രന്‍ വി.വി, ഉസ്മാന്‍ ടി.പി, ഗിരീഷ് കുമാര്‍ പി.ടി, സുധാകരന്‍.കെ, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍മാരായ രാജഗോപാല്‍.കെ, സലീന ടീച്ചര്‍, പി,അബ്ദു, സ്വാഗത സംഘം സെക്രട്ടറിമാരായ കെ.പി.ബാബുരാജ്, അഭിശങ്കര്‍ ഷാജി, കെ.പി. ഹംസ മാസ്റ്റര്‍, ഷഫീഖ് കൊളത്തൂര്‍, സാജു കൊളത്തൂര്‍, സലീം മാസ്റ്റര്‍, വീരാന്‍ ഹാജി എന്നിവര്‍ സംസാരിച്ചു. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി.ജെയിംസ് സ്വാഗതവും എം.ആര്‍.ഡി.എഫ് സിഇഒ ജോര്‍ജ്ജുകുട്ടി ജേക്കബ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group