Join News @ Iritty Whats App Group

രൂപയ്ക്ക് വീണ്ടും റെക്കോഡ് തകര്‍ച്ച


കൊച്ചി
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 85.20ലേക്ക് ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തുടർച്ചയായി ആറാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. ചൊവ്വ ഇന്റർബാങ്ക് ഫോറെക്സ് വിപണിയിൽ മുൻദിവസത്തെ അവസാന നിരക്കായ 85.13ൽനിന്ന് രണ്ട് പൈസ നേട്ടത്തിൽ 85.11ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.

എന്നാൽ, പിന്നീട് വ്യാപാരത്തിനിടയിൽ എട്ട് പൈസ നഷ്ടത്തിൽ 85.21ലേക്ക് വീണു. ഒടുവിൽ ഏഴ് പൈസ നഷ്ടത്തിൽ 85.20ൽ വ്യാപാരം അവസാനിപ്പിച്ചു. അതായത് ഒരു ഡോളർ ലഭിക്കാൻ 85.20 രൂപ വേണം. തിങ്കൾ 85.13 രൂപയും ഈ വർഷാരംഭത്തിൽ 83.22 രൂപയും മതിയായിരുന്നു.

രാജ്യത്തെ വ്യാപാരകമ്മി കുതിച്ചുയർന്നതാണ് പ്രധാനമായും രൂപയെ തളർത്തുന്നത്. രൂപയുടെ മൂല്യം ഇടിയുന്നതിനാൽ അസംസ്കൃത എണ്ണ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിച്ചെലവ് ഉയരുകയാണ്. ഇത് വിലക്കയറ്റം വീണ്ടും വർധിക്കാൻ ഇടയാക്കും.

ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യകത വർധിക്കുന്നതും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡ് റിസർവ് അടുത്തവർഷം രണ്ടുതവണമാത്രമേ നിരക്ക് കുറയ്ക്കൂ എന്ന് വ്യക്തമാക്കിയതും ഡോളറിനെ ശക്തിപ്പെടുത്തി. വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് തുടർച്ചയായി വൻതോതിൽ നിക്ഷേപം പിൻവലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.

Post a Comment

Previous Post Next Post
Join Our Whats App Group