കൽപ്പറ്റ: ദുരിതബാധിതരില്നിന്നു മുടങ്ങിയ മാസത്തവണ തുക തിരിച്ചുപിടിക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറി കെഎസ്എഫ്ഇ. വിവിധഭാഗങ്ങളില്‍ നിന്നു ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പിന്മാറ്റം. നിലവിലെ സാഹചര്യത്തില്‍ തുക തിരിച്ചുപിടിക്കില്ലെന്നും ദുരിതബാധിതര്‍ക്ക് ഏതെല്ലാം രീതിയില്‍ സഹായം നല്കാന് കഴിയുമെന്ന കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കെഎസ്എഫ്ഇ ചെയര്മാന് വരദരാജന് അറിയിച്ചു.
നോട്ടീസ് നല്‍കിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ചൂരൽമല ഉരുള്‍പൊട്ടലില്‍ വീട് ഉള്‍പ്പെടെ നഷ്ടപ്പെട്ട സൗജത്ത്, മിന്നത്ത് എന്നിവർക്കാണ് മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് കെഎസ്ഫ്ഇ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
ഉരുൾപൊട്ടലിൽ എല്ലാം നഷ്ടമായി താത്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. നേരത്തെ ദുരിതബാധിതരിൽ നിന്ന് ഇഎംഐ അടക്കം പിടിക്കരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി. ഇത് വിവാദമായപ്പോഴാണ് ഇന്ന് രാവിലെ കെഎസ്എഫ്ഇ ചെയര്മാന് തന്നെ രംഗത്തെത്തിയത്.
Post a Comment