Join News @ Iritty Whats App Group

സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം, 'ഇങ്ങനെ തുടർന്നാൽ നല്ല മാറ്റമുണ്ടാകും'; ഫ്ലക്സുകൾ മാറ്റിയതിന് കയ്യടി



പാതയോരങ്ങളിലെ അനധികൃത ഫ്ലക്സുകളും ബോർഡുകളും ചുരുങ്ങിയ സമയത്തിൽ നീക്കം ചെയ്ത സർക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടർന്നാൽ നല്ല മാറ്റങ്ങളുണ്ടാകുമെന്ന് കോടതി പറഞ്ഞു. അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കുന്ന നടപടിയിൽ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ഒരാഴ്ചക്കുള്ളിൽ അനധികൃത ബോർഡ് സ്ഥാപിച്ചതിൽ 95 ലക്ഷം പിഴ ചുമത്തിയെന്ന് തദ്ദേശ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അറിയിച്ചു. ഇതിൽ 14 ലക്ഷം രൂപ ഈടാക്കിയെന്നും സെക്രട്ടറി കോടതിയിൽ പറഞ്ഞു. അനധികൃതമായി ആരും ബോർഡ് വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദ്ദേശം നൽകി.

അനധികൃത ബോർഡുകളും ഫ്ലക്സും നീക്കം ചെയ്യാൻ കോടതി സമയപരിധി തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസ് വരുന്ന ജനുവരി 8ന് വീണ്ടും പരിഗണിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group