ദില്ലി : രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാരാപിച്ചാണ് ജഗ്ദീപ് ധനകർക്കെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നോട്ടീസ് നല്കിയത്. ജോർജ് സോറോസിന് സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ബന്ധമുണ്ടെന്നാരോപിച്ച് ഭരണപക്ഷം ബഹളം തുർന്നതിനാൽ ഇന്നും ഇരു സഭകളും സ്തംഭിച്ചു.
രാജ്യസഭാ അദ്ധ്യക്ഷനിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം ഫലത്തിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ളതാണ്. ചരിത്രത്തിൽ ആദ്യ അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസിനെ കൂടാതെ ഡിഎംകെ. ടിഎംസി, എസ്പി, സിപിഎം തുടങ്ങി എല്ലാ ഇന്ത്യ സഖ്യ പാർട്ടികളും ഒപ്പു വച്ചു. ഏഴംഗങ്ങളുള്ള ബിജു ജനതാദൾ പ്രമേയത്തിൽ ഒപ്പുവച്ചില്ല. രണ്ട് സഭകളും അംഗീകരിച്ചാൽ മാത്രമേ പ്രമേയം പാസാകൂ. രണ്ട് സഭകളിലും സർക്കാരിന് ഭൂരിപക്ഷമുണ്ട്. നോട്ടീസ് നൽകി പതിനാല് ദിവസത്തിന് ശേഷമേ അവിശ്വാസം പരിഗണിക്കേണ്ടതുള്ളു എന്നതിനാൽ ഈ സമ്മേളനത്തിൽ ഇതു വരില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിൻറേത് പ്രതീകാത്മക പ്രതിഷേധമാണ്. അമേരിക്കൻ വ്യവസായി ജോർജ് സോറോസുമായി കോൺഗ്രസിന് ബന്ധമുണ്ടെന്ന ആരോപണം അടക്കമുള്ള വിഷയങ്ങളിൽ ഭരണപക്ഷത്തോട് അദ്ധ്യക്ഷൻ പൂർണ്ണ വിധേയത്വം കാണിച്ചുവെന്നാണ് ഇന്ത്യ സഖ്യം ആരോപിക്കുന്നത്.
ജോർജ് സോറോസിൻറെ സഹായം പറ്റി കോൺഗ്രസ് ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് രണ്ട് സഭകളിലും ബിജെപി ഇന്നും ആരോപിച്ചു. രാഹുൽ ഗാന്ധിയെ നിഷികാന്ത് ദുബെ അപമാനിച്ചതിലുള്ള അവകാശലംഘന പ്രമേയം പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസും ബഹളം വച്ചു. സഭയ്ക്കു പുറത്ത് മോദിയുടെയും അദാനിയുടെയും മുഖം മൂടി അണിഞ്ഞ് അടക്കം കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ സ്പീക്കർ കടുത്ത അതൃപ്തി അറിയിച്ചു. ഇന്ന് കറുത്ത സഞ്ചിയിൽ അദാനിയും മോദിയും ഒന്ന് എന്നെഴുതിയായിരുന്നു പ്രതിഷേധം. സഭ നടക്കാതിരിക്കാൻ ഭരണപക്ഷം തന്നെ ബഹളം വയ്ക്കുന്ന നയമാണ് കഴിഞ്ഞ രണ്ടു ദിവസമായി പാർലമെൻറിൽ കാണുന്നത്.
Post a Comment