Join News @ Iritty Whats App Group

നഴ്സിങ് വിദ്യാർത്ഥിനി ലക്ഷ്മി ജീവനൊടുക്കിയത് എന്തിന്? ഒപ്പം താമസിച്ചിരുന്ന കുട്ടികളുടെ മൊഴിയെടുക്കും


കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്‍റെ പോസ്റ്റുമോർട്ടം ഇന്ന്. കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. രക്ഷിതാക്കളിൽ നിന്നും ലക്ഷ്മിക്ക് ഒപ്പം ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും പൊലീസ് ഉടൻ മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 


രാത്രി വൈകിയാണ് ലക്ഷ്മിയുടെ ബന്ധുക്കൾ കോട്ടയത്ത് നിന്നും കോഴിക്കോടേക്ക് എത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മി രാധാകൃഷ്ണൻ ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചത്. എന്നാൽ ലക്ഷ്മി താമസിക്കുന്ന ഹോസ്റ്റൽ മുറി വൃത്തിയാക്കാൻ പതിനൊന്നരയോടെ ആളുകൾ വന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്ന് വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങളാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


മെഡിക്കൽ കോളേജിന് പിറക് വശത്തെ കെ എം കൃഷ്ണൻകുട്ടി റോഡിലെ ബക്കർ വില്ല എന്ന ഹോസ്റ്റലിലാണ് ലക്ഷ്മി രാധാകൃഷ്ണൻ താമസിച്ചിരുന്നത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Join Our Whats App Group