Join News @ Iritty Whats App Group

കുടകിൽ ചക്കപറിക്കാൻ പ്ലാവിൽ കയറിയ തോട്ടം തൊഴിലാളിയെ വെടിവെച്ചു കൊന്നു വെടിവെച്ചയാൾ അറസ്റ്റിൽ


വീരാജ്പേട്ട: കുടകിലെ മൂർനാട് ചെമ്പേബെല്ലൂർ വില്ലേജിൽ ചക്ക പറിക്കാനായി പ്ലാവിൽ കയറിയ തോട്ടം തൊഴിലാളിയെ തോട്ടമുടമയായ മുൻ സൈനികൻ വെടിവെച്ച് കൊന്നു. മൂർനാട് ചെമ്പേബെല്ലൂരിലെ ഒരു വാടക ലൈനിൽ താമസക്കാരനായ പണിയേരവര പൊന്നു (21 ) ആണ് വെടിയേറ്റ് മരിച്ചത്. പ്രദേശത്തെ തോട്ടം ഉടമയും മുൻസൈനികനും എസ് ബി ഐ വീരാജ്പേട്ട ബ്രാഞ്ചിലെ സെക്യൂരിറ്റി ജീവനക്കാരനുമായ പോർക്കണ്ട ചിന്നപ്പയാണ് പൊന്നുവിനെ വെടിവെച്ച് കൊന്നത്. ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റുചെയ്തു. 
വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തോട്ടത്തിലെ പണി കഴിഞ്ഞെത്തിയ പൊന്നുവിനോട് ഭാര്യ സീത കറി വെക്കാനായി എന്തെങ്കിലും പച്ചക്കറി വേണമെന്ന് പറഞ്ഞു. 

സമീപത്തെ തോട്ടത്തിലെ പ്ലാവിൽ കണ്ട ചക്ക പറിക്കാനായി പൊന്നു മരത്തിൽ കയറിസമയത്ത് ഇവിടെ തന്റെ വളർത്തുനായയെയും തോക്കുമായും എത്തിയ ചിന്നപ്പ ഇവരെ തെറിവിളിക്കുകയും ഇപ്പോൾ വെടിവെക്കുമെന്നു പറയുകയുമായിരുന്നു. വെടിവെക്കല്ലേ എന്ന് ഇരുവരും കരഞ്ഞ് പറഞ്ഞെങ്കിലും ചിന്നപ്പ പ്ലാവിൻ മുകളിലുണ്ടായിരുന്ന പൊന്നുവിന് നേരെ വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ പൊന്നു പ്ലാവിൽ നിന്നും താഴെ വീണു. ഈ സമയം ചിന്നപ്പ തോക്കുമായി സ്ഥലത്തുനിന്നും ഓടിപ്പോയി. ഭാര്യ സീത തന്റെ മൊബൈലിൽ വീട്ടുടമയെ വിളിച്ചുവരുത്തി പൊന്നുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെഞ്ചിൽ രണ്ട് വെടിയേറ്റ ഇയാൾ മരണമടയുകയായിരുന്നു. പ്രതി ചിന്നപ്പയെ അറസ്റ്റ് ചെയ്ത പോലീസ് വെടിവെക്കാനായി ഉപയോഗിച്ച തോക്കും കസ്റ്റഡിയിൽ എടുത്തു. 

വെടിയേറ്റ് മരിച്ച പൊന്നുവും ഭാര്യ സീതയും ചെമ്പേബെല്ലൂരിലെ പി. പൂനച്ചയുടെ ഫാം ലൈൻ ഹൌസിൽ 8 മാസത്തോളമായി താമസിച്ച് ഇവിടുത്തെ കാപ്പിത്തോട്ടത്തിൽ പണിയെടുത്ത് ജീവിച്ചു വരികയായിരുന്നു. ഈ വാടകവീടിന്റെ ഉടമയുടെ അമ്മാവനാണ് പ്രതിയായ ചിന്നപ്പ. ഇയാൾ ഇവിടെ ഇടയ്ക്കിടെ വന്നു പോകാറുണ്ടായിരുന്നു. ഈ അവസരങ്ങളിൽ തൊഴിലാളികളായ ദമ്പതികളെക്കാണുമ്പോൾ ഇയാൾ പറയാൻ വയ്യാത്ത വാക്കുകൾ കൊണ്ട് അധിക്ഷേപിക്കാറുണ്ടായിരുന്നു എന്ന് പലവിധത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും തങ്ങൾ താമസിക്കുന്ന വീടിന്റെ ഉടമയുടെ അമ്മാവൻ ആണെന്നതിനാൽ ഇതുവരെ ഈ കാര്യം ഉടമയോടോ മറ്റാരോടുമോ പറഞ്ഞിരുന്നില്ലെന്നും വെടിയേറ്റ് മരിച്ച പൊന്നുവിന്റെ ഭാര്യ വിരാജ്‌പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. മനഃപൂർവ്വമുള്ള കൊലക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസ്.

Post a Comment

Previous Post Next Post
Join Our Whats App Group