കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്ന് പുലര്‍ച്ചെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകള്‍ അനക്കിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് മകന്‍ ഐസിയുവില്‍ കയറി ഉമ തോമസിനെ കണ്ടു. രാവിലെ 10 മണിയോടെ എംഎല്‍എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തുവരും.
അതേസമയം, എം.എല്‍.എ അപകടനില തരണം ചെയ്‌തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂര്‍ റിനൈ ആശുപത്രി അധികൃതര്‍ ഇന്നലെ മാധ്യമങ്ങളെ അറിയിച്ചത്. വെന്റിലേറ്ററില്‍ തുടരുന്ന അവരുടെ നില കൂടുതല്‍ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ കുറച്ചുകൂടി ഗൗരവതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമാ തോമസ് എം.എല്‍.എ.യ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്കാലിക റെയിലിലെ റിബ്ബണില്‍ പിടിച്ചപ്പോള്‍ നിലതെറ്റി വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്.
Post a Comment