ദില്ലി: ജഗദീപ് ധന്‍കറിനെതിരായ അവിശ്വാസ പ്രമേയ നീക്കത്തിനെതിരായ ഭരണ -പ്രതിപക്ഷ ബഹളത്തില്‍ ഇന്നും സ്തംഭിച്ച് രാജ്യ സഭ. ജഗദീപ് ധന്‍കര്‍ പിന്നാക്ക വിഭാഗക്കാരനായതിനാല്‍ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ഭരണപക്ഷ എംപിമാര്‍ ആരോപിച്ചു.കര്‍ഷക പുത്രനാണ് താനെന്ന് വികാരാധീനനായ ജഗദീപ് ധന്‍കര്‍, തളരില്ലെന്നും സഭയില്‍ വ്യക്തമാക്കി. താന്‍ തൊഴിലാളിയുടെ പുത്രനാണെന്ന് തിരിച്ചടിച്ച ഖര്‍ഗെ രാജ്യസഭയിലെ അന്തരീക്ഷം തകര്‍ക്കുന്നത് ചെയര്‍മാന്‍ തന്നെയാണെന്നും കുറ്റപ്പെടുത്തി.
രാജ്യസഭയിൽ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടതിനേക്കാള്‍ പ്രക്ഷുബ്ധാന്തരീക്ഷമായിരുന്നു. ഭരണപ്രതിപക്ഷ ബഹളത്തില്‍ രാജ്യസഭ കടല്‍പോലെ ഇരമ്പി. ജഗദീപ്ധന്‍കറിന്‍റെ ജാതി പറഞ്ഞായിരുന്നു അദ്ദേഹത്തിനെതിരായ പ്രതിപക്ഷ നീക്കത്തെ നേരിടാന്‍ ബിജെപി എംപിമാര്‍ ഇന്ന് തീരുമാനിച്ചത്. ഒബിസിക്കാരനായതിനാല്‍ കരുതി ക്കൂട്ടി അപമാനിക്കാനാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് ഭരണപക്ഷം ആരോപിച്ചു. കര്‍ഷക കുടുംബത്തില്‍ പിറന്ന രാജ്യസഭ ചെയര്‍മാനെ കര്‍ഷക വിരോധികളായ പ്രതിപക്ഷം അപമാനിക്കുകയാണ്. ചട്ടങ്ങള്‍ പോലും നോക്കാതെയാണ് പ്രമേയ നീക്കമെന്നും ഭരണപക്ഷ എംപിമാര്‍ കുറ്റപ്പെടുത്തി.
ഇതോടെ ബഹളം കനത്തു. ഇരിപ്പടത്തില്‍ നിന്നെഴുന്നേറ്റ് ചെയര്‍മാന്‍ പ്രതിപക്ഷത്തെ നേരിട്ടു. എംപിമാര്‍ക്ക് നേരെ തട്ടിക്കയറി.കര്‍ഷക പുത്രനാണ് താന്‍, തളരില്ല, ഇതിലപ്പുറം കണ്ടവനാണെന്നും ധന്‍കര്‍ പൊട്ടിത്തെറിച്ചു. വികാരാധീനനായിട്ടായിരുന്നു ധൻകറിന്‍റെ പ്രതികരണം. എന്നാൽ, ബഹളത്തിനിടെ ഖര്‍ഗെ എഴുന്നേറ്റു.
പ്രതിപക്ഷ ശബ്ഗത്തെ അടിച്ചമര്‍ത്താനാണ് അധ്യക്ഷന്‍ നിരന്തരം ശ്രമിക്കുന്നത്. ജാതി കാര്‍ഡിറിക്കിയ ഭരണപക്ഷത്തെ നേരിട്ട ഖര്‍ഗെ ദളിതനാണ് താനെന്നും , തൊഴിലാളി ജീവിതം എന്തെന്ന് പഠിച്ചവനാണെന്നും തിരിച്ചടിച്ചു.ബഹളം കനത്തോടെ ധന്‍കിന് സഭ നിയന്ത്രിക്കാനായില്ല. തുടര്‍ന്ന് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു. സോണിയ സോറോസ് ബന്ധം, അവിശ്വാസ പ്രമേയ നീക്കം തുടങ്ങിയ വിഷയങ്ങളില്‍ രാജ്യസഭ നിരന്തരം സ്തംഭിക്കുകയാണ്.
Post a Comment