Join News @ Iritty Whats App Group

തംബ്നൈലും വളച്ചൊടിച്ച തലക്കെട്ടും ഇട്ട് ആളെ പറ്റിക്കുന്ന പരിപാടി നിര്‍ത്തിക്കാന്‍ യൂട്യൂബ്; നടപടി ഇന്ത്യയില്‍


ദില്ലി: ആളെക്കൂട്ടാനുള്ള എളുപ്പത്തിന് ഇഷ്ടമുള്ളതൊന്നും തലക്കെട്ടിലും തംബ്നൈലിലും എഴുതിയിടാൻ ഇനി പറ്റില്ലെന്ന് യൂട്യൂബ്. ആളെ കൂട്ടുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്നൈൽ നല്‍കുന്നതിനെതിരെ ഇന്ത്യയില്‍ കർശന നടപടിയെടുക്കാനാണ് യൂട്യൂബിന്‍റെ തീരുമാനം. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്‌ഫോമില്‍ സമ്പൂര്‍ണ ശുദ്ധീകരണമാണ് ഗൂഗിള്‍ ലക്ഷ്യംവയ്ക്കുന്നത്. 

ക്രിയേറ്റര്‍മാര്‍ വീഡിയോയിൽ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങൾ ഇനി തംബ്നൈലായി ഉപയോഗിച്ചാല്‍ നടപടി നേരിടേണ്ടിവരും. ഇത്തരത്തിലുള്ള വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബിന്‍റെ മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകള്‍ക്കും പിടിവീഴും. ഇതോടുകൂടി ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നതിന് വിരാമമിടാന്‍ ഗൂഗിള്‍ ലക്ഷ്യമിടുന്നു. യൂട്യൂബ് ചാനലിൽ വീഡിയോകൾ കാണാനാഗ്രഹിച്ച് വരുന്നവർക്ക് അതേ ഉള്ളടക്കം തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും യൂട്യൂബ് പറയുന്നു. ബ്രേക്കിംഗ് ന്യൂസും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ യൂട്യൂബ് വീഡിയോകളും ഈ സ്‌കാനറിന് കീഴിൽ വരുമെന്നും പ്ലാറ്റ്ഫോം അറിയിച്ചു.

പുതിയ നയ മാറ്റവുമായി പൊരുത്തപ്പെടാനുള്ള സമയം ഉപയോക്താക്കൾക്ക് യൂട്യൂബ് അനുവദിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകില്ല. പിന്നീടാണ് ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടാകുക. എന്നാല്‍ നിലവിൽ ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിനുമൊക്കെയായി എന്ത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിൽ പ്ലാറ്റ്ഫോം വ്യക്തമായി വിശദീകരണം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഗൂഗിളും യൂട്യൂബും നല്‍കും എന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post
Join Our Whats App Group