ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിടപറഞ്ഞതോടെ രാജ്യത്തിന് നഷ്ടമായത് രാജ്യപുരോഗതിയിലേക്ക് കുതിക്കുന്ന ഒട്ടേറെ നിയമങ്ങളുടെ ഉപജ്ഞാതാവിനെ. വിവരാവകാശ നിയമം, ലോക്പാല്‍, ലോകായുക്ത ആക്ട്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യ സുരക്ഷാ നിയമം തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് ഗുണകരമാകുന്ന അനേകം കാര്യങ്ങളാണ് അദ്ദേഹത്തിന്റെ കാലത്ത് നടപ്പിലായത്.
മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സുപ്രധാനവും രാജ്യത്തെ ജനങ്ങളെ സംബന്ധിക്കുന്നതുമായി ഒട്ടേറെ നിയമനിര്‍മാണങ്ങളാണ് നടന്നത്. ഇതില്‍ പ്രധാനം വിപ്ലവകരമായ വിവരാവകാശ നിയമമായിരുന്നു. പൊതുരംഗത്തെ സുതാര്യമാക്കുന്ന നിയമം വന്നതോടെ സര്‍ക്കാരിന്റെയോ അഥവാ സര്‍ക്കാര്‍ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവെയ്ക്കാന്‍ അധികാരികള്‍ക്ക് നിര്‍വാഹമില്ലാതായി. സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉത്തരവാദിത്വപ്പെട്ടവരെയും ചോദ്യമുനയില്‍ നിര്‍ത്താനും നടപടികള്‍ വേഗത്തിലാക്കാനും സാധാരണക്കാര്‍ക്ക് അവകാശം നല്‍കിയ നിയമമായിരുന്നു ഇത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായിരുന്നു മറ്റൊന്ന്.
ഈ പദ്ധതിയിലൂടെ വൈദഗ്ദ്ധ്യമില്ലാത്തവര്‍ക്കും തൊഴില്‍ കിട്ടുന്ന പദ്ധതി ഉണ്ടായതും മന്‍മോഹന്‍ സിംഗിന്റെ കാലത്തായിരുന്നു. രാജ്യത്ത് എല്ലാവര്‍ക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ നിയമം കൊണ്ടുവന്നതും അദ്ദേഹത്തിന്റെ യുപിഎ സര്‍ക്കാരിന്റെ കാലത്തായിരുന്നു. ഇതിനെല്ലാം പുറമോണ് ലോക്പാല്‍, ലോകായുക്ത ആക്ട് നിയമങ്ങളും നിലവില്‍ വന്നത്. രാജ്യത്ത് ആറ് മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കി കൊണ്ടുള്ള നിയമം കൊണ്ടുവന്നതും മന്‍മോഹന്‍ സിംഗിന്റെ കാലത്തായിരുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരുവ് കച്ചവടക്കാര്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമം, ഇന്ത്യന്‍ കമ്പനീസ് ആക്ട്, ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്റ്റും ചട്ടങ്ങളും മുന്നോട്ടുവെച്ചതും അദ്ദേഹമായിരുന്നു.
Post a Comment