കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് വീണ് അപകടം പറ്റിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പേഴ്‌സണല്‍ സ്റ്റാഫിന്റെ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഗ്യാലറിയില്‍ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്. ബിഎന്‍സ് 125, 125 (ബി), 3 (5) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്നതിനെതിരെ നടപടിയെടുക്കുന്നതാണ് 125-ാം വകുപ്പ്. മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണ് സ്റ്റേജ് നിര്‍മിച്ചത്. സ്റ്റേജില്‍ വേണ്ടത്ര സ്ഥലമില്ലായിരുന്നു. ബലമുള്ള കൈവരി സ്ഥാപിച്ചില്ല എന്നും എഫ് ഐ ആറില്‍ പറയുന്നു. സ്റ്റേജ് കെട്ടിയവര്‍ക്കും പരിപാടിയുടെ സംഘാടകര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ദുര്‍ബലമായ ക്യൂ ബാരിയേര്‍സ് ഉപയോഗിച്ചായിരുന്നു മുകളില്‍ കൈവരിയൊരുക്കിയത്. 15 അടി ഉയരത്തിലാണ് ഗ്യാലറി ക്രമീകരിച്ചത്. 55 അടി നീളമുള്ള സ്റ്റേജില്‍ എട്ടടി വീതിയിലാണ് കസേരകള്‍ ഇടാനുള്ള സ്ഥലമൊരുക്കിയത്. ഇന്നലെ രാത്രി തന്നെ കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് അപകടമുണ്ടായ സ്ഥലം പരിശോധിച്ചിരുന്നു. പിന്നാലെ കേസെടുക്കാന്‍ എ ഡി ജി പി മനോജ് എബ്രഹാം കൊച്ചി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം ഗുരുതര പരിക്കേറ്റ ഉമ തോമസ് പാലാരിവട്ടം റിനൈ ആശുപത്രിയിലെ വെന്റിലേറ്ററില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധരുടെ സംഘം എംഎല്‍എയെ പരിശോധിക്കും. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ശ്വാസകോശത്തിനും ആണ് ഉമ തോമസിന് പരിക്കേറ്റിരിക്കുന്നത്.
വീഴ്ചയില്‍ എംഎല്‍എയുടെ തലയ്ക്ക് പിന്നില്‍ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ മുറിവുണ്ടായി. മൂന്ന് വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചിരിക്കുകയാണ്. 15 അടി ഉയരത്തില്‍ നിന്നാണ് ഉമ തോമസ് വീണത്. എംഎല്‍എ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 12,000 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ രാവിലെ പത്തരയോടെ ഇറക്കും.
Post a Comment