Join News @ Iritty Whats App Group

9 വയസുകാരി കോമയിലായ വാഹനാപകടം; പ്രതി ഷെജീലിന് മുൻകൂർ ജാമ്യം ഇല്ല

കോഴിക്കോട് വടകരയിൽ 9 വയസുകാരി ദൃഷാന കാറിടിച്ച് കോമയിലായ സംഭവത്തിൽ പ്രതി ഷെജീലിന് മുൻ‌കൂർ ജാമ്യം ഇല്ല. പ്രോസിക്യൂഷൻ്റെ വാദങ്ങൾ കോടതി അംഗികരിച്ചു. പ്രതി സമർപ്പിച്ച മുൻകൂർ ജാമ്യം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് വടകര ചോറോട് ദേശീയപാതയിലായിരുന്നു ദിൽഷാനയെയും മുത്തശ്ശിയേയും പുറമേരി സ്വദേശി ഷെജീൽ ഓടിച്ചിരുന്ന കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയത്. അപകടത്തിൽ 62 വയസുകാരി മരിക്കുകയും ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. അപകടത്തിന് ശേഷം വിദേശത്തേക്ക് പോയ പ്രതിയെ നീണ്ട പത്ത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്. ഷെജീലും കുടുംബവും ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും കടുത്ത ശിക്ഷ വേണമെന്നുമാണ് ദൃഷാനയുടെ കുടുംബത്തിന്റെ ആവശ്യം.


അതേസമയം, ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് മുപ്പതിനായിരം രൂപ തട്ടിയ സംഭവത്തിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകട വിവരം മറച്ചുവെച്ചായിരുന്നു ഷെജീൽ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത് . കാറിൽ ഉണ്ടായ കേടുപാടുകൾ അപകടത്തിൽ ഉണ്ടായതല്ലെന്നും മതിലിലിൽ ഇടിച്ചതാണെന്നും ഇൻഷൂറൻസ് കമ്പനിയെ ധരിപ്പിച്ചു.ഇതിനായി ഫോട്ടോകൾ ഉൾപ്പെടെ വ്യാജ രേഖകളും ഉണ്ടാക്കി.30000 രൂപയാണ് ഇങ്ങനെ നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനിയിൽ നിന്നും വാങ്ങിയത്.വാഹനത്തിൻ്റെ കേടുപാടുകൾ മാറ്റാൻ ഷെജീൽ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ നൽകിയ വിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ദൃഷാനയെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഡിസ്ചാർജ് ചെയ്തിരുന്നു. ആശുപത്രിക്കടുത്തുള്ള വാടകവീട്ടിലേക്കാണ് കുട്ടിയെ മാറ്റിയത്. ചികിത്സയിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് നിലവിലെ പുതിയ തീരുമാനം. പ്രതിയായ ഷെജീലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Post a Comment

Previous Post Next Post
Join Our Whats App Group