Join News @ Iritty Whats App Group

നടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു, ഗുരുതര പരിക്കേറ്റ് 7 മാസമായി യുവതി കിടപ്പിൽ, വാഹനം കണ്ടെത്താനായില്ല



തൃശൂര്‍: തൃശൂർ കൊടകരയിൽ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം ഏഴു മാസമായിട്ടും കണ്ടെത്തിയിട്ടില്ലെന്ന പരാതിയുമായി കുടുംബം. കഴിഞ്ഞ മെയ് 14ന് ആണ് സംഭവം. റോഡരികിലൂടെ നടന്നു വരികയായിരുന്ന നൂലുവള്ളി സ്വദേശി അനുവിനെയും കുടുംബത്തെയും ഇടിച്ച് തെറിപ്പിച്ചശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു.




അപകടത്തിൽ അനുവിന്‍റെ ഭാര്യ കെ അനൂജയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഏഴു മാസമായി അനൂജ കിടപ്പിലാണ്. മൂന്ന് ശസ്ത്രക്രിയകൾ നടത്തി. ആരോഗ്യനില മെച്ചപ്പെട്ടില്ല. തങ്ങളെ ഇടിച്ച്, ഒരു കുടുംബത്തെ മുഴുവൻ ദുരിതത്തിലാക്കി നിർത്താതെ പോയ ആ അജ്ഞാതനെയും വാഹനത്തെയും ഉടൻ കണ്ടെത്തണമെന്നാണ് അനുവിന്‍റെ ആവശ്യം. സംഭവത്തിൽ കൊടകര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ വാഹനം കണ്ടെത്തിയിട്ടില്ല.





ഉച്ചയ്ക്കുശേഷം കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവമെന്ന് അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊടകരയ്ക്ക് സമീപമുള്ള പമ്പിൽ കാര്‍ നിര്‍ത്തിയശേഷം ബസിൽ കയറി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. ദര്‍ശനത്തിനുശേഷം രാത്രി എട്ടോടെ തിരിച്ചു. ബസ് ഇറങ്ങി നടന്നുവരുന്നതിനിടെ കൊടകരയ്ക്ക് സമീപമുള്ള സ്ഥലത്ത് വെച്ച് അജ്ഞാത വാഹനം തന്നെയും ഭാര്യയെയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷ പോലുള്ള വാഹനമാണ് ഇടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.





വാഹനം ഏതാണെന്ന് സ്ഥിരീകരിക്കനായിട്ടില്ല. ചലന ശേഷിയില്ലാത്ത അവസ്ഥയിലാണ് ഭാര്യ. അപകടത്തിനുശേഷം ഭാര്യ മിണ്ടുന്നില്ല. കൈകള്‍ പോലും അനങ്ങുന്നില്ല. ആദ്യത്തെ ഓപ്പറേഷന് പത്തു ലക്ഷത്തിലധികം രൂപയും രണ്ടാമത്തേതിന് ഏഴു ലക്ഷവും പിന്നീടും ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവായി. 27ലക്ഷത്തിലധികം രൂപയുടെ കടമാണ് ഇപ്പോഴുള്ളത്.





ഏഴു മാസം കഴിഞ്ഞിട്ടും ഭാര്യയുടെ ആരോഗ്യനിലയിൽ യാതൊരു മാറ്റവുമില്ല. മരുന്നുകളും ഭക്ഷണവും ട്യൂബ് വഴിയാണ് നൽകുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അപേക്ഷ നൽകിയിരുന്നു. പിന്നീട് ചാലക്കുടി ഡിവൈഎസ്‍പി വിളിച്ച് അന്വേഷണം നടത്തിയിരുന്നു. ഇപ്പോഴും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ച വാഹനത്തിന്‍റെ ഡ്രൈവര്‍ അന്ന് അവിടെ നിര്‍ത്തി ആശുപത്രിയിലെത്തിക്കാൻ പോലും തയ്യാറായില്ല. മനുഷ്യത്വ രഹിതമായ കാര്യമാണ് ചെയ്തത്. ഒന്ന് ബ്രേക്ക് ചവിട്ടിയിരുന്നെങ്കില്‍ ഞങ്ങളുടെ കുടുംബം താറുമാറാകില്ലായിരുന്നുവെന്നും അനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group